ഗള്‍ഫില്‍ 55 പേര്‍കൂടി പുതുതായി കോവിഡ് ബാധിച്ച് മരിച്ചു

സൗദി: ഗള്‍ഫില്‍ 55 പേര്‍കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിത മരണസംഖ്യ 2,572 ആയി ഉയര്‍ന്നു. 7,386 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധയേറ്റത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം നാലു ലക്ഷത്തി മുപ്പത്തി രണ്ടായിരം കവിഞ്ഞു.

സൗദി അറേബ്യയില്‍ ഇരുപത്തിനാലു മണിക്കൂറിനിടയില്‍ 40 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ബഹ്‌റൈനില്‍ അഞ്ചും ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നാലു വീതവുമാണ് മരണം. യു.എ.ഇയില്‍ രണ്ട് മരണമാണ് രേഖപ്പെടുത്തിയത്.

സൗദിയിലും മറ്റും രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവില്ല. 3989 ആണ് പുതിയ കേസുകളുടെ എണ്ണം. സൗദിയെ മാറ്റി നിര്‍ത്തിയാല്‍ ഒമാനില്‍ മാത്രമാണ് രോഗികളുടെ എണ്ണം ആയിരം കടന്നത്. യു.എ.ഇയില്‍ 437 മാത്രമാണ് പുതിയ കേസുകള്‍. ഇളവുകള്‍ പ്രാബല്യത്തില്‍ വന്നതോടെ മിക്ക ഗള്‍ഫ് രാജ്യങ്ങളിലും സാധാരണ ജീവിതം സജീവമായി തുടങ്ങി. എന്നാല്‍ മുന്‍കരുതല്‍ നടപടികള്‍ പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് വിവിധ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

യു.എ.ഇയിലേക്ക് പുറം രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കി. ജൂലൈ ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. യാത്ര പുറപ്പെടുന്നതിന്റെ 72 മണിക്കൂര്‍ മുമ്പുള്ള കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടാണ് വേണ്ടത്.

Top