സാമ്പത്തിക പ്രതിസന്ധി ബിഎസ്എന്‍എല്‍ 54,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: കൂട്ട പിരിച്ചുവിടലിനൊരുങ്ങി ബിഎസ്എന്‍എല്‍. 54,000 ജീവനക്കാരെ പിരിച്ച് വിടാനുള്ള തീരുമാനം കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ അന്തിമ തീരുമാനമെടുക്കുന്നത് വൈകും. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ ബിഎസ്എന്‍എലില്‍ കൂട്ട പിരിച്ചുവിടലുണ്ടാകും.

പിരിച്ചു വിടാനുള്ള നീക്കത്തിനൊപ്പം ജീവനക്കാരുടെ സ്വമേധയായുള്ള വിരമിക്കലിന് അംഗീകാരം തേടികൊണ്ട് ടെലികോം മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്. 50 വയസിന് മുകളിലുള്ള ബിഎസ്എന്‍എല്‍ എംടിഎന്‍എല്‍ ജീവനക്കാരെയാണ് സ്വമേധയാ വിരമിക്കലിനാണ് മന്ത്രാലയം ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ബിഎസ്എന്‍എലില്‍ 1.76 ലക്ഷം ജീവനക്കാരാണ് ഇന്ത്യയിലാകമാനമുള്ളത്. എം.ടി.എന്‍.എലില്‍ 22,000 ജീവനക്കാരുമുണ്ട്. 50 ശതമാനം ബിഎസ്എന്‍എല്‍ ജീവനക്കാരും എംടിഎന്‍എലിലെ 16000 ജീവനക്കാരും അടുത്ത അഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ വിരമിക്കുന്നവരാണ്.

ബിഎസ്എന്‍ലിന്റെ നഷ്ടം കുറയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് പിരിച്ച് വിടലടക്കമുള്ള നടപടികള്‍. തിരഞ്ഞെടുപ്പിന് മുമ്പ് ജീവനക്കാരെ പിരിച്ചുവിട്ടാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് മുന്നില്‍ കണ്ട് അന്തിമ തീരുമാനമെടുക്കുന്നത് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ബിഎസ്എന്‍എല്‍ അധികൃതരോട് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.

അതേസമയം കഴിഞ്ഞ കുറച്ച് നാളുകളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബിഎസ്എന്‍എല്‍. ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധവും ആരംഭിച്ചിരുന്നു.

Top