539 units of Skoda Octavia recalled

ന്യൂഡല്‍ഹി: ചെക്ക് വാഹനനിര്‍മാതാക്കളായ സ്‌കോഡ പ്രീമിയം സെഡാനായ ഒക്ടേവിയയുടെ 539 യൂണിറ്റുകള്‍ ഇന്ത്യയില്‍ തിരിച്ചുവിളിക്കുന്നു.

വാഹനത്തിന്റെ പിന്‍വാതിലിലെ ചൈല്‍ഡ് ലോക്കില്‍ നിര്‍മാണ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് മോഡലുകള്‍ തിരിച്ചുവിളിക്കാന്‍ സ്‌കോഡ ഓട്ടോ ഇന്ത്യ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിനും ഈ വര്‍ഷം ഏപ്രിലിനും ഇടയില്‍ വിറ്റഴിച്ച 539 മോഡലുകളാണ് പരിശോധനക്കായി കമ്പനി തിരിച്ചുവിളിക്കുന്നത്.

പരിശോധന ആവശ്യമുള്ള വാഹനങ്ങളുടെ ഉടമകളെ സ്‌കോഡ സര്‍വീസ് സെന്ററുകള്‍ നേരിട്ടു വിവരം അറിയിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സര്‍വീസ് സെന്ററിലെത്തിച്ചാല്‍ 12 മിനിറ്റിനകം പരിശോധന പൂര്‍ത്തിയാക്കി നല്‍കുമെന്നും സ്‌കോഡ ഇന്ത്യ അറിയിച്ചിട്ടുണ്ട്. തകരാര്‍ കണ്ടെത്തുന്ന കാറുകളിലെ ലോക്കുകള്‍ സൗജന്യമായി കമ്പനി മാറ്റി നല്‍കും.

ഇപ്പോഴുണ്ടായ തകരാര്‍ കമ്പനിക്ക് യാതൊരുവിധത്തിലും തിരിച്ചടിയല്ലെന്നും, ഉപഭോക്താക്കളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാണ് പെട്ടെന്നുള്ള നടപടിയെന്നും സ്‌കോഡ ഇന്ത്യ വ്യക്തമാക്കി. നിലവില്‍ സ്‌കോഡയുടെ റാപ്പിഡ്, യെറ്റി, സൂപ്പര്‍ബ്, ഒക്ടോവിയ എന്നീ നാല് മോഡലുകളാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. 2017ല്‍ നാല് പുതിയ മോഡലുകള്‍ കൂടെ രാജ്യത്ത് അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.

Top