പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്നത് 537 ഇന്ത്യക്കാര്‍ ; 483 മത്സ്യത്തൊഴിലാളികള്‍

punishment

ഇസ്ലാമബാദ്: പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്നത് 537 ഇന്ത്യക്കാര്‍. അതില്‍ 483 മത്സ്യത്തൊഴിലാളികളാണ്. ഇന്ത്യയും പാക്കിസ്ഥാനും ചേര്‍ന്ന് ഒപ്പു വെച്ച കണ്‍സ്യൂലാര്‍ ആക്‌സസ് പ്രകാരമാണ് ജയിലില്‍ കഴിയുന്നവരുടെ എണ്ണം പാക്കിസ്ഥാന്‍ വെളിപ്പെടുത്തിയത്.

ഉഭയകക്ഷി കരാറിലെ വ്യവസ്ഥ പ്രകാരമാണ് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ പട്ടിക പാകിസ്ഥാന്‍ കൈമാറിയത്. 2008 മെയ് 21നാണ് ഇന്ത്യയും പാകിസ്ഥാനും കണ്‍സസ്യൂലാര്‍ ആക്‌സസ് കരാര്‍ ഒപ്പുവയ്ക്കുന്നത്. ഈ കരാര്‍ പ്രകാരം വര്‍ഷത്തില്‍ ജനുവരി ഒന്നിനും ജൂലായ് ഒന്നിനും തടവുകാരുടെ പട്ടിക പരസ്പരം കൈമാറണം.ഇന്ത്യന്‍ ജയിലിലുള്ള പാക്കിസ്ഥാന്‍ തടവുകാരുടെ പട്ടികയും കൈമാറി.

പാക്കിസ്ഥാന്‍ ജയിലില്‍ ചാരക്കേസില്‍പെട്ട് കഴിഞ്ഞിരുന്ന ഇന്ത്യക്കാരനെ കഴിഞ്ഞ മാസം ജയില്‍ നിന്ന് മോചിപ്പിച്ചിരുന്നു. 33 കാരനായ എഞ്ചിനിയര്‍ ഹമീദ് നെഹാല്‍ അന്‍സാരിയാണ് കഴിഞ്ഞ ആറ് വര്‍ഷമായി പാക്കിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞിരുന്നത്. ജോലി ലഭിച്ചതിനെ തുടര്‍ന്ന് 2012 ല്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലേക്ക് പോയ അന്‍സാരിയെ അവിടെ വച്ച് കാണാതാകുകയായിരുന്നു.

അന്‍സാരി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാക്കിസ്ഥാനി പെണ്‍കുട്ടിയുമായി പ്രണയത്തിലായെന്നും താത്പര്യമില്ലാത്ത വിവാഹത്തില്‍നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പാക്കിസ്ഥാനിലെത്തിയതിനെ തുടര്‍ന്നായിരുന്നു ചാരനെന്ന് തെറ്റിദ്ധരിച്ച് പാക്ക് ജയിലിലടച്ചത്. ഹമീദിനെ വിട്ടയച്ചതിന് പിന്നാലെ ഇന്ത്യന്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന പാക്കിസ്ഥാന്‍ പൗരന്മാരെ വിട്ടയച്ചു. മുഹമ്മദ് ഇമ്രാന്‍ വാര്‍സി, അബ്ദുള്ള ഷാ എന്നിവരെയാണ് ഇന്ത്യ മോചിപ്പിച്ചത്.

Top