sooner or later Nss will collaborate with Sndp says Vellappally natesan

കാസര്‍കോട്: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ എത്ര കാലം ഒറ്റയ്ക്ക് നില്‍ക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇന്നല്ലെങ്കില്‍ നാളെ എസ്.എന്‍.ഡി.പിയുമായി എന്‍.എസ്.എസിന് സഹകരിക്കേണ്ടി വരും. സുകുമാരന്‍ നായര്‍ മാറി മറ്റൊരാള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തു വരുമ്പോള്‍ അതുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്.എന്‍.ഡി.പിയുമായുള്ള സഹകരണത്തിന് നായര്‍ സമുദായത്തിലെ ജനങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. നാളെ ആരംഭിക്കുന്ന സമത്വ മുന്നേറ്റ യാത്രയ്ക്ക് മുന്നോടിയായി കാസര്‍കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

എസ്.എന്‍.ഡി.പിയുമായുള്ള ഐക്യത്തില്‍ നിന്ന് എന്‍.എസ്.എസ് എന്തുകൊണ്ട് പിന്മാറി എന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കണം. എസ്.എന്‍.ഡി.പി ഐക്യത്തില്‍ നിന്ന് പിന്മാറിയിട്ടില്ല. ഞങ്ങള്‍ വാതില്‍ തുറന്ന് തന്നെയാണ് ഇട്ടിരിക്കുന്നത്. ആര്‍ക്കും വരാം ആര്‍ക്കും ഇറങ്ങിപ്പോവാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

താന്‍ നയിക്കുന്ന സമത്വ മുന്നേറ്റ യാത്രയ്ക്ക് ആരുടേയും പിന്തുണ ആവശ്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Top