Russians inscribe ‘For Paris’ on bombs destined for Syria

മോസ്‌കോ: സിറിയയില്‍ ഐഎസ് ശക്തികേന്ദ്രങ്ങളില്‍ റഷ്യ വര്‍ഷിക്കുന്നത് ‘പാരീസിന് വേണ്ടി’ എന്ന് രേഖപ്പെടുത്തിയ ബോംബുകള്‍. ‘ഞങ്ങളുടെ ജനങ്ങള്‍ക്ക്, പാരീസിന് വേണ്ടി’ എന്നിങ്ങനെ ഏരിയല്‍ ബോംബുകളില്‍ എഴുതിച്ചേര്‍ത്താണ് യുദ്ധവിമാനങ്ങളില്‍ ഘടിപ്പിക്കുന്നത്.

സിറിയയിലെ റഷ്യന്‍ വ്യോമതാവളത്തില്‍ നിന്ന് പുറപ്പെടുന്ന യുദ്ധവിമാനങ്ങളിലെല്ലാം വന്‍ പ്രഹരശേഷിയുള്ള ബോംബുകള്‍ ഘടിപ്പിക്കുന്നതിന് മുമ്പ് ഇങ്ങനെ എഴുതിച്ചേര്‍ക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു.

 

റഷ്യന്‍ സൈന്യം ഫ്രാന്‍സുമായി ചേര്‍ന്ന് ആക്രമണം ആസൂത്രണം ചെയ്തുവരുകയാണെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു. സിനായില്‍ കഴിഞ്ഞമാസം യാത്രാവിമാനം തകര്‍ത്ത് 224 പേരെ കൊലപ്പെടുത്തിയവരെ ശിക്ഷിക്കുമെന്നും അവരെ നശിപ്പിക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിന്‍ വ്യക്തമാക്കിയിരുന്നു.

പാരീസില്‍ ഐ.എസ് ആക്രമണങ്ങളില്‍ 130 പേര്‍ മരിക്കുക കൂടി ചെയ്തതോടെ ഇരുരാജ്യങ്ങളും സംയുക്തമായാണ് സിറിയയിലെ ഐ.എസ് ശക്തികേന്ദ്രങ്ങള്‍ തകര്‍ക്കാനുള്ള പദ്ധതി തയാറാക്കിയത്. അടുത്തയാഴ്ച റഷ്യയുടേയും ഫ്രാന്‍സിന്റെയും പ്രസിഡന്റുമാര്‍ സ്ഥിതി വിലയിരുത്താന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Top