എടിഎം കാര്‍ഡ് ഉപയോഗിക്കതെ പണം പിന്‍വലിക്കാനുള്ള ആപ്ലിക്കേഷനുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. തൃശ്ശൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജിലെ മൂന്നാം വര്‍ഷ ബി.ടെക്ക്. വിദ്യാര്‍ത്ഥികളായ ആര്യ മുരളി, ആര്‍. അക്ഷയ്‌നാഥ്, പി.ഐ. ഇര്‍ഷാദ്, ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികളായ ഗാരി ജില്‍സണ്‍, ശ്രുതി ഗംഗാധരന്‍ എന്നിവരാണ് പുതിയ ആപ്പ് ‘വാലറ്റ്’വികസിപ്പിച്ചത്.

ആപ്പ് വികസിപ്പിക്കുക മാത്രമല്ല, സംരംഭകത്വ സംഗമമായ ടൈക്കോണ്‍ കേരള 2015ല്‍ യുവ സംരംഭകര്‍ക്ക് വേണ്ടി നടത്തിയ പിച്ച് ഫെസ്റ്റിന്റെ ആല്‍ഫാ വിഭാഗത്തില്‍ വാലറ്റ് ടീം ഒന്നാമതെത്തുകയും ചെയ്തു. കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ സ്റ്റാര്‍ട്ടപ്പ് ബോക്‌സ് പദ്ധതിയുടെ ഭാഗമായുള്ള സംഘങ്ങളിലൊന്നാണ് വാലറ്റ്.

നഷ്ടപ്പെട്ട എ.ടി.എം. കാര്‍ഡുപയോഗിച്ചും സ്‌കിമ്മിങ്ങ് വഴി കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്തും കാര്‍ഡ് ക്ലോണ്‍ ചെയ്തുമൊക്കെ പണം തട്ടുന്നതിന് പ്രതിവിധിയാണ് വാലറ്റ് ആപ്പ്. ക്യു.ആര്‍. (ക്യുക്ക് റെസ്‌പോണ്‍സ്) കോഡ് ഉപയോഗിച്ചാണ് ആപ്പിന്റെ പ്രവര്‍ത്തനം. വാലറ്റ് ആപ്പ് ആന്‍ഡ്രോയ്ഡ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് എ.ടി.എം. കാര്‍ഡിലെ വിവരങ്ങള്‍ ഇതില്‍ നല്‍കണം. ആപ്പില്‍നിന്ന് മറ്റുള്ളവര്‍ക്ക് ഈ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനാവില്ല.

എ.ടി.എം. കൗണ്ടറിലെത്തിയാല്‍ മെഷീനിന്റെ സ്‌ക്രീനിലെ വാലറ്റ് ഐക്കണില്‍ വിരലമര്‍ത്തണം. സ്‌ക്രീനില്‍ തെളിയുന്ന ക്യു.ആര്‍. കോഡ് മൊബൈല്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യണം. മൊബൈല്‍ സ്‌കീനില്‍ എ.ടി.എം. കാര്‍ഡിന്റെ പിന്‍ നമ്പര്‍ ചേര്‍ക്കാനുള്ള വിന്‍ഡോ തെളിയും. ഇത് നല്‍കി ആവശ്യമുള്ള തുകയും രേഖപ്പെടുത്തിയാല്‍ പണം കിട്ടും. എ.ടി.എം. കാര്‍ഡ് കൈവശമുണ്ടാവുക പോലും വേണ്ട. പണം പിന്‍വലിച്ച വിവരം മൊബൈലില്‍ സേവാകുകയും ചെയ്യും.

വാലറ്റ് ആപ്പിനോട് ഐ.സി.ഐ.സി.ഐ., ഫെഡറല്‍ ബാങ്ക് തുടങ്ങി രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ താത്പര്യം പ്രകടിപ്പിച്ചുകഴിഞ്ഞു. ഐ.സി.ഐ.സി.ഐ. ബാങ്ക് അധികൃതരുമായുള്ള ആദ്യവട്ട ചര്‍ച്ച നടന്നു. ഫെഡറല്‍ ബാങ്ക് അധികൃതരുമായി അടുത്തദിവസം ചര്‍ച്ച നടക്കും

Top