53 Public sector undertakings suffer loss; CAG report

KSRTC

തിരുവനതപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 53 എണ്ണം കനത്ത നഷ്ടത്തിലാണെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ 50 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

15 പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തന രഹിതമാണ്. ഇതില്‍ നാലെണ്ണം ലാഭമോ നഷ്ടമോ ഉണ്ടാക്കാതെ ഇപ്പോഴും പ്രവര്‍ത്തനം തുടരുന്നതായും സി.എ.ജി നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

53 പൊതുമേഖലാ സ്ഥാപനങ്ങളും കൂടി ഉണ്ടാക്കിയ നഷ്ടം 889 കോടിയാണ്. നഷ്ടം ഉണ്ടാക്കിയ പൊതുമേഖലാ സ്ഥാപനത്തില്‍ ഏറ്റവും മുന്‍പന്തിയിലുള്ളത് പൊതുഗതാഗത സംവിധാനമായ കെ.എസ്.ആര്‍.ടി.സിയാണ്. 508 കോടിയാണ് കെ.എസ്.ആര്‍.ടി.സി വരുത്തി വച്ചിരിക്കുന്ന നഷ്ടം.

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ 127 കോടിയും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ 89 കോടിയുടേയും നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. പ്രവര്‍ത്തനരഹിതമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ പിരിച്ചു വിടുകയോ പുനരുദ്ധരിക്കുകയോ വേണമെന്നും സി.എ.ജി ശുപാര്‍ശ ചെയ്തിട്ടുണ്ട്. അല്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ സര്‍ക്കാരിന് ഇവ വലിയ ബാദ്ധ്യതയായി മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കെ.എസ്.ഇ.ബി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാരിന് 498 കോടിയുടെ ലാഭം ഉണ്ടാക്കി നല്‍കിയെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. 140 കോടിയുടെ ലാഭമാണ് കെ.എസ്.ഇ.ബി സര്‍ക്കാരിന് ഉണ്ടാക്കി നല്‍കിയത്. 102 കോടിയുടെ നഷ്ടം ഉണ്ടായത് ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെയുള്ള നടപടികള്‍ കാരണമാണെന്നും സി.എ.ജി ചൂണ്ടിക്കാട്ടി.

Top