525 വര്‍ഷം മുമ്പ് നടന്ന കപ്പല്‍ ഛേദത്തില്‍ നഷ്ടമായ കുരുമുളകും ഇഞ്ചിയും കണ്ടെത്തി

525 ഓളം വർഷങ്ങൾക്ക് മുമ്പ് സ്വീഡനിലെ ബാൾട്ടിക് തീരത്ത് മുങ്ങിയ ഒരു രാജകീയ കപ്പലിന്‍റെ അവശിഷ്ടത്തിൽ നിന്നാണ് കുങ്കുമപ്പൂവ്, കുരുമുളക്, ഇഞ്ചി തുടങ്ങി സുരക്ഷിതമായി സംരക്ഷിക്കപ്പെട്ട സുഗന്ധ വ്യഞ്ജനങ്ങളുടെ ഒരു അതുല്യ ശേഖരം കണ്ടെത്തിയതായി പുരാവസ്തു ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടത്. ഡെന്‍മാര്‍ക്ക്, നോര്‍വേ എന്നീ പ്രദേശങ്ങളുടെ രാജാവായിരുന്ന ഹാന്‍സിന്‍റെ ഉടസ്ഥതയിലുള്ളതായിരുന്നു കപ്പല്‍. 1495 ല്‍ റോൺബി തീരത്ത് സ്വീഡന്‍റെ നേതൃത്വത്തില്‍ രാജാവ് പങ്കെടുത്ത ഒരു രാഷ്ട്രീയ യോഗത്തിനിടെ കപ്പലിന് തീപിടിക്കുകയും തുടര്‍ന്ന് ങ്ങുകയുമായിരുന്നെന്ന് കരുതുന്നു.

1960-കളിൽ ഈ കപ്പല്‍ മുങ്ങൽ വിദഗ്ധർ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഈ കപ്പലില്‍ പലരുടെ നേതൃത്വത്തിലായി നിരവധി തവണ പരിശോധനകള്‍ നടന്നു. കപ്പലിന്‍റെ മുഖമായി വയ്ക്കുന്ന ശില്പരൂപവും (figureheads) തടികളും കപ്പലില്‍ നിന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇപ്പോൾ ലണ്ട് സർവകലാശാലയിലെ (Lund University) പുരാവസ്തു ശാസ്ത്രജ്ഞനായ ബ്രണ്ടൻ ഫോളിയുടെ നേതൃത്വത്തിൽ നടത്തിയ ഒരു ഖനനത്തിൽ കപ്പലിന്‍ അടിത്തട്ടില്‍ അടിഞ്ഞ ചെളിയിൽ നിന്നുമാണ് സുരക്ഷിതമായി സംരക്ഷിക്കപ്പെട്ട് നിലയില്‍ സുഗന്ധദ്രവ്യങ്ങൾ കണ്ടെത്തിയത്.

“ബാൾട്ടിക് കടലിടുക്ക് വളരെ വിചിത്രമാണ്. ഇവിടെ കുറഞ്ഞ ഓക്സിജനും കുറഞ്ഞ താപനിലയും ലവണാംശത്തിന്‍റെ കുറവും പല ജൈവവസ്തുക്കളും ബാൾട്ടിക്കിൽ നന്നായി സംരക്ഷിക്കപ്പെടുന്നതിന് കാരണമാണ്. ലോക സമുദ്രവ്യവസ്ഥയിൽ മറ്റെവിടെയെങ്കിലും ഇവ ഇത്രയും നന്നായി സംരക്ഷിക്കപ്പെടില്ല,” ഫോളി അവകാശപ്പെട്ടു. സുഗന്ധവ്യഞ്ജനങ്ങൾ കണ്ടെത്തിയതിനാല്‍ ഇത് തികച്ചും അസാധാരണമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അക്കാലഘട്ടത്തില്‍ യൂറോപ്പിന് പുറത്ത് നിന്നും പ്രത്യേകിച്ച് ഏഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കുങ്കുമം, ഗ്രാമ്പൂ, കുരുമുളക്, ഇഞ്ചി തുടങ്ങിയ സാധനങ്ങൾ സമ്പന്നർക്ക് മാത്രമേ വാങ്ങാൻ കഴിയൂ എന്നതിനാൽ സുഗന്ധവ്യഞ്ജനങ്ങൾ സമ്പന്നരുടെ പ്രതീകമായിരുന്നു. ഹാന്‍സ് രാജാവുമായി ബന്ധപ്പെട്ട സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ സാന്നിധ്യം കപ്പലിലുണ്ടായിരുന്നിരിക്കാമെന്ന് കരുതുന്നു. യൂറോപ്പില്‍ നിന്നും പുരാതന കാലത്തെ കുങ്കുമം കണ്ടെത്തിയ ഒരോയൊരു പുരാവസ്തു ഖനനമാണിതെന്നും അതിനാല്‍ ഈ കണ്ടെത്തല്‍ വളരെ സവിശേഷവും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top