51,150 രൂപ മുതല്‍ വിലയുമായി ഡ്യുവറ്റ് ഹീറോ

‘ഡ്യുവറ്റി’ന്റെ വില ഹീറോ മോട്ടോ കോര്‍പ് പ്രഖ്യാപിച്ചു. ലോഹനിര്‍മിത ബോഡിയുള്ള ‘ഡ്യുവറ്റി’ന്റെ അടിസ്ഥാന മോഡലായ ‘എല്‍ എക്‌സി’ന് 51,150 രൂപയും ഉയര്‍ന്ന വകഭേദമായ ‘വി എക്‌സി’ന് 52,650 രൂപയുമാണു കൊച്ചിയിലെ വില.

സ്‌കൂട്ടറിനു കരുത്തേകുന്നത് 110 സി സി എയര്‍ കൂള്‍ഡ്, ഫോര്‍ സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍, എസ് ഒ എച്ച് സി എന്‍ജിനാണ്. 8000 ആര്‍ പി എമ്മില്‍ പരമാവധി 8.31 ബി എച്ച് പി കരുത്തും 6500 ആര്‍ പി എമ്മില്‍ 8.3 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക.

സീറ്റിനടിയില്‍ മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ട്, റിമോട്ട് സീറ്റ് ഓപ്പണിങ്, റിമോട്ട് ഫ്യുവല്‍ ലിഡ് ഓപ്പണിങ്, ഇന്റഗ്രേറ്റഡ് ബ്രേക്കിങ് സംവിധാനം, ടെലിസ്‌കോപിക് ഫ്രണ്ട് സസ്‌പെന്‍ഷന്‍, ട്യൂബ്രഹിത ടയര്‍, ബൂട്ട് ലൈറ്റ്, ഡിജിറ്റല്‍ അനലോഗ് മീറ്റര്‍ കണ്‍സോള്‍ തുടങ്ങിവയാണു സ്‌കൂട്ടറിന്റെ സവിശേഷതകളായി ഹീറോ അവതരിപ്പിക്കുന്നത്.

ഒപ്പം സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, ത്രോട്ടില്‍ പൊസിഷന്‍ സെന്‍സര്‍ തുടങ്ങിയ സൗകര്യങ്ങളും സ്‌കൂട്ടറിലുണ്ട്. കാന്‍ഡി ബ്ലേസിങ് റെഡ്, പേള്‍ സില്‍വര്‍ വൈറ്റ്, ഗ്രേസ് ഗ്രേ, മാറ്റ് നേച്ചര്‍ ഗ്രീന്‍, പാന്തര്‍ ബ്ലാക്ക്, വെര്‍ണിയര്‍ ഗ്രേ(നോണ്‍ മെറ്റാലിക്) എന്നീ ആറു നിറങ്ങളിലാണു ‘ഡ്യുവറ്റ്’ ലഭിക്കുക. ലീറ്ററിന് 63.8 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

Top