ജെഎന്‍യുവില്‍ മുഖംമൂടി ധാരികളുടെ അക്രമം;51 പേര്‍ക്ക് പരുക്കേറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കു നേരെ മുഖംമൂടി ധാരികള്‍ നടത്തിയ ആക്രമണത്തില്‍ 51 പേര്‍ക്ക് പരുക്കേറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍. വിഷയവുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിയാണ് എഴുതി തയാറാക്കിയ മറുപടി നല്‍കിയത്. അക്രമസംഭവവുമായി ബന്ധപ്പെട്ട് ജനുവരി ആറിന് വസന്ത് കുഞ്ച് നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഡല്‍ഹി പൊലീസിനെ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി.

ജെ.എന്‍.യുവില്‍ മുഖംമൂടി ധാരികള്‍ നടത്തിയ ആക്രമണത്തില്‍51 പേര്‍ക്കാണ് പരുക്കേറ്റത്. സംഭവത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല. ഏതാനും സ്വകാര്യ കാറുകളും വസ്തുക്കളും നശിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തില്‍ പങ്കെടുത്ത ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അക്രമത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ജെഎന്‍യു ക്യാംപസിന്റെ അകത്തും പുറത്തും പൊലീസിനെ വിന്യസിച്ചതുള്‍പ്പടെയുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. പൊലീസ് കണ്‍ട്രോള്‍ റൂം വാന്‍ കോളജിന്റെ പരിസരത്തുണ്ട്. എതെങ്കിലും സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെ വിവരമറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ജനുവരി അഞ്ചാം തീയതിയാണ് മുഖമൂടി ധാരികള്‍ ക്യാമ്പസിലെത്തി അക്രമം അഴിച്ച് വിട്ടത്. എബിവിപിയാണ് അക്രമത്തിന് പിന്നിലെന്നാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും നേരത്തെ തന്നെ ആരോപിച്ചിരുന്നു. അക്രമത്തില്‍ 34ഓളം പേര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷേ ഷോഷിനും അധ്യാപിക പ്രഫ. സുചരിത സെന്‍ തുടങ്ങിയവര്‍ക്കും അക്രമത്തില്‍ ഗുരുതര പരിക്കേറ്റിരുന്നു.

Top