പ്രദര്‍ശനത്തിനെത്തി അന്‍പതാം ദിനത്തില്‍ ലൂസിഫര്‍ ആമസോണ്‍ പ്രൈമിലേക്ക്

മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്ത്‌ തീയറ്ററില്‍ മികച്ച പ്രേഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന ലൂസിഫര്‍ ആമസോണ്‍ പ്രൈമിലേക്ക്. ചിത്രം റീലിസനെത്തി അന്‍പതാം ദിനത്തിലാണ് ആമസോണ്‍ ചിത്രം സ്ട്രീം ചെയ്യാന്‍ ഒരുങ്ങുന്നത്. മാര്‍ച്ച് 28 ന് റിലീസ് ചെയ്ത ലൂസിഫര്‍ മെയ് 16ന് അന്‍പത് ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തിലാണ് ‘ലൂസിഫര്‍’ ആമസോണ്‍ പ്രൈമിലേക്കെത്തുന്നത്.

മലായളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക് ഭാഷകളിലും ലൂസിഫര്‍ ആമസോണ്‍ പ്രൈമില്‍ എത്തുമെന്ന് ആമസോണ്‍ പ്രൈം ഇന്ത്യ ട്വിറ്ററിലൂടെ അറിയിച്ചു. വന്‍ വിജയം നേടിയ ഒരു മലയാള ചിത്രം അന്‍പതാം ദിനത്തില്‍ ഒരു ഒടിടി പ്ലാറ്റ്ഫോമില്‍ സ്ട്രീം ചെയ്യപ്പെടുന്നത് ആദ്യമായിരിക്കും.

വെറും ഇരുപത്തിയൊന്ന് ദിവസം കൊണ്ടാണ് ലൂസിഫര്‍ 150 കോടി ക്ലബ്ബില്‍ പ്രവേശിച്ചത്. ബിഗ്ബഡ്ജറ്റ് ചിത്രമായ ലൂസിഫര്‍ ലോകവ്യാപകമായി 3079 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിന് എത്തിയത്.ഇന്ത്യയിലെ തിയറ്ററുകളില്‍ നിന്നും മാത്രം ആദ്യ ദിനം ലഭിച്ചത് 12 കോടിയായിരുന്നു.

മുരളി ഗോപിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ ലൂസിഫറില്‍ സ്റ്റീഫന്‍ നെടുംപള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.

ബോളിവുഡ് താരം വിവേക് ഒബ്‌റോയി,ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ, ഫാസില്‍, മഞ്ജുവാര്യര്‍,മംമ്ത, ജോണ്‍ വിജയ് തുടങ്ങി വന്‍ താരനിരയാണ് ലൂസിഫറില്‍ അണിനിരന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദീപക് ദേവാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്.

Top