ഇറാഖില്‍ അമേരിക്കയും, ഇറാനും ‘കളിക്കേണ്ട’; ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരവാദം തിരിച്ചുവരും?

റാന്‍ ജനറല്‍ കാസെം സൊലേമാനിയുടെ വധത്തിന് പിന്നാലെ വിദേശ സൈനികരെ ഇറാഖില്‍ നിന്നും പിന്‍വലിക്കാനുള്ള പ്രമേയം ഇറാഖ് പാര്‍ലമെന്റ് പാസാക്കിയിരുന്നു. എന്നാല്‍ ഇതിനിടെ ചേരിതിരിഞ്ഞുള്ള പോരാട്ടം ആരംഭിച്ചത് ഇറാഖിന് പുതിയ തലവേദനയാകും. അയ്യായിരത്തോളം വരുന്ന യുഎസ് സൈനികരാണ് ഇസ്ലാമിക് സ്‌റ്റേറ്റിന് എതിരായ പോരാട്ടത്തില്‍ സഹായിക്കാന്‍ ഇറാഖിലുള്ളത്.

ഇറാഖും, യുഎസും തമ്മിലുള്ള സുരക്ഷാ കരാര്‍ അവസാനിപ്പിച്ച് അമേരിക്കന്‍ സൈനികരെ പുറത്താക്കാനാണ് ഇറാഖ് സര്‍ക്കാര്‍ പ്രമേയം പാസാക്കിയത്. എന്നാല്‍ യുഎസ് സൈന്യം പിന്‍വാങ്ങിയാല്‍ ഇറാഖ് വീണ്ടുമൊരു വിഭാഗീയ യുദ്ധത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് ആശങ്ക. ഇറാനെയും, യുഎസിനെയും ഒരുപോലെ ‘അധിനിവേശക്കാര്‍’ എന്ന് മുദ്രകുത്തിയാണ് ഇറാഖ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുന്നത്. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ഏതാനും മാസങ്ങളായി തലസ്ഥാനത്തും, ഷിയാ ഭൂരിപക്ഷ തെക്കന്‍ മേഖലകളിലും ഈ പ്രതിഷേധം ശക്തമാണ്.

ഇറാന് മുന്നില്‍ അടിയറവ് പറഞ്ഞ് നില്‍ക്കുന്ന ഇറാഖ് ഭരണകൂടം അഴിമതിക്കാരാണെന്ന് യൂത്ത് റാലികള്‍ ആരോപിക്കുന്നു. തെക്കന്‍ നഗരമായ നസിറിയായില്‍ സൊലേമാനിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സംഘടിപ്പിച്ച അനുശോചന റാലി തടയാനും ഈ പ്രതിഷേധക്കാര്‍ തുനിഞ്ഞിറങ്ങി. ‘ഇറാനും വേണ്ട അമേരിക്കയും വേണ്ട’ എന്ന മുദ്രാവാക്യങ്ങളാണ് ഇവിടെ നിന്നും ഉയര്‍ന്നത്.

ഇറാനും അമേരിക്കയും തങ്ങളുടെ മണ്ണില്‍ നിന്ന് പോരാടിയാല്‍ സര്‍ക്കാരിനെ നിയോഗിക്കാനുള്ള ശ്രമങ്ങള്‍ പാഴാകുമെന്ന് പ്രതിഷേധക്കാര്‍ ഭയക്കുന്നു. ഇതിന് പുറമെ യുഎസ് സേന പിന്‍വാങ്ങുമ്പോള്‍ ഭീകരര്‍ തലപൊക്കുമെന്ന ആശങ്കയും വളരുന്നു. ഇറാന്‍ ഭീഷണി ഉയര്‍ത്തുമ്പോള്‍ ഇറാഖ് സൈന്യത്തിന് പരിശീലനം നല്‍കുന്നത് യുഎസ് നിര്‍ത്തിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന് എതിരെ പോരാടുന്നതിന് പകരം സ്വന്തം സേനയെ സംരക്ഷിക്കാനാണ് യുഎസ് നീക്കം.

Top