ഇന്ത്യയില്‍ ടാറ്റയും ആപ്പിളുമായി 5000 കോടിയുടെ ഇടപാട്; ഐഫോണ്‍ നിര്‍മ്മാണം ഏറ്റെടുക്കും

ബെംഗലൂരു: ആപ്പിളിന്റെ ഇന്ത്യയിലെ നിര്‍മ്മാണ യൂണിറ്റ് ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 5,000 കോടി രൂപയുടെ അടുത്തുവരുന്ന ഇടപാടാണ് നടക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇക്കണോമിക് ടൈംസാണ് ഈ വിഷയവുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത്. എന്നാല്‍ കര്‍ണാടകത്തിലെ ഐഫോണ്‍ നിര്‍മ്മാണ യൂണിറ്റ് ഉടമകളായ വിസ്‌ട്രോണോ ടാറ്റ ഗ്രൂപ്പോ ഇടപാടിനെക്കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാമത്തെ ഐഫോൺ നിർമ്മാതാക്കളാണ് വിസ്‌ട്രോൺ. ഐഫോൺ എസ്ഇ, ഐഫോൺ 12, ഐഫോൺ 13 എന്നിവയുടെ നിർമ്മാണത്തിനായി കര്‍ണാടകത്തില്‍ ഇവര്‍ക്ക് ഒരു കേന്ദ്രമുണ്ട്. അതേ സമയം ഇന്ത്യയില്‍ ഐഫോൺ 14 നോൺ-പ്രോ മോഡലുകളും അടക്കം ഐഫോണുകള്‍ ഫോക്‌സ്‌കോൺ, പെഗാട്രോൺ എന്നിവരുടെ പ്ലാന്റുകളിലാണ് നിർമ്മിക്കുന്നത്.

പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം ടാറ്റ സൺസിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ ഇലക്ട്രോണിക് പ്രൈവറ്റ് ലിമിറ്റഡ് (ടിഇപിഎൽ) കര്‍ണാടക പ്ലാന്റ് ഏറ്റെടുക്കും എന്നാണ് പറയുന്നത്. വിസ്‌ട്രോണിന്റെ 2.2 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫാക്ടറി ബാംഗ്ലൂരില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ ഹൊസൂരിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പ്ലാന്റില്‍ 10,000 തൊഴിലാളികളും രണ്ടായിരം എഞ്ചിനീയര്‍മാരും ജോലി ചെയ്യുന്നുണ്ട്.

സ്‌മാർട്ട്‌ഫോൺ, ഇലക്‌ട്രോണിക്‌സ് നിർമ്മാണ മേഖലയിൽ ടാറ്റയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയാണ് ടാറ്റ ഇലക്ട്രോണിക് പ്രൈവറ്റ് ലിമിറ്റഡ് വഴിയുള്ള ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. സ്‌മാർട്ട്‌ഫോൺ നിർമ്മാണത്തിന് പുറമേ വിസ്‌ട്രോണിന്റെ മറ്റ് ഇലക്ട്രോണിക് ഉപകരണ നിര്‍മ്മാണ കരാറുകളും ടാറ്റ ഏറ്റെടുക്കാം എന്നാണ് റിപ്പോര്‍ട്ട്.

ചൈനീസ് വിപണിയെ ആശ്രയിച്ചാണ് ആപ്പിളിന്റെ ഐഫോണ്‍ പദ്ധതികള്‍ പലപ്പോഴും മുന്നോട്ട് പോയിരുന്നത്. ഇത് കുറയ്ക്കാൻ ടാറ്റ ഗ്രൂപ്പിന്റെ നീക്കം ആപ്പിളിനെ സഹായിക്കും എന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

ആപ്പിളിന് വേണ്ടി ഏറ്റവും കൂടുതല്‍ നിര്‍മ്മാണം നടത്തുന്ന ഫോക്‌സ്‌കോൺ ഷെങ്‌ഷൗവിലെ പ്ലാന്റിൽ ഐഫോൺ 14, ഐഫോൺ 14 പ്രോ മോഡലുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചൈനയിലെ കൊവിഡ് തൊഴിലാളി പ്രശ്നങ്ങള് കാരണം ആപ്പിള്‍ ഐഫോണ്‍ കയറ്റുമതി 15-20 ദശലക്ഷം യൂണിറ്റുകളായി ചുരുങ്ങുമെന്ന് അനലിസ്റ്റ് മിംഗ്-ചി കുവോ കഴിഞ്ഞ വാരം പറഞ്ഞിരുന്നു.

Top