അപകീര്‍ത്തി പരാമര്‍ശം: അഭിഷേക് സിംഗ്വിക്കെതിരെ റിലയന്‍സിന്റെ മാനനഷ്ടക്കേസ്

അഹമ്മദാബാദ്: കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്വിക്കെതിരെ മാനനഷ്ട കേസ്. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പാണ് സിംഗ്വിക്കെതിരെ രംഗത്ത്.

ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ റിലയന്‍സ് ഗ്രൂപ്പിനെതിരെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് മാനനഷ്ട കേസ് ഫയല്‍ ചെയ്തത്. ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ 5000 കോടി രൂപയാണ് മാനനഷ്ട തുകയായി ആവശ്യപ്പെട്ടിരിക്കുന്നത്.

പണം തിരിച്ചടക്കാനുള്ള വന്‍കിട കമ്പനികളെ സര്‍ക്കാര്‍ എഴുതി തള്ളിയിട്ടില്ലെന്ന ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രസ്താവന ജനങ്ങളെ വിഡ്ഢികളാക്കുന്നതാണെന്നായിരുന്നു സിംഗ്വി പറഞ്ഞത്. നവംബര്‍ 30ന് നടന്ന പ്രചാരണ പരിപാടിയിലാണ് അദ്ദേഹം വിവാദ പ്രസ്താവന ഉന്നയിച്ചത്.

ഗുജറാത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റിലയന്‍സ്, അദാനി, എസ്സാര്‍ എന്നിവ മൂന്നുലക്ഷം കോടി രൂപ അടയ്ക്കാനുണ്ടെന്നും വന്‍കിട കമ്പനികള്‍ വായ്പയെടുത്ത 1.88 ലക്ഷം കോടി രൂപ സര്‍ക്കാര്‍ എഴുതിത്തള്ളിയെന്നും അദ്ദേഹം പറഞ്ഞു.

Top