മോദി ചെന്നൈയില്‍ എത്തി; ജിന്‍പിങ്ങിനെതിരെ പ്രതിഷേധവുമായി ടിബറ്റന്‍ വിദ്യാര്‍ത്ഥികള്‍

ചെന്നൈ: ഇന്ത്യ-ചൈന രണ്ടാം അനൗപചാരിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയില്‍ എത്തി. വിമാനമാര്‍ഗം ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി,ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം, എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പ്രേമലത വിജയ്കാന്ത്, ഡോ. കൃഷ്ണസ്വാമി തുടങ്ങി എന്‍ഡിഎ സഖ്യത്തിലെ പ്രമുഖ നേതാക്കളെല്ലാം അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ മഹാബലിപുരം ഉച്ചകോടിക്ക് കഴിയുമെന്ന് നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ തമിഴ്‌നാട് വരവേല്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മോദി ട്വീറ്റ് ചെയ്തു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ സ്വാഗതം ചെയ്ത് തമിഴിലും ചൈനീസിലും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്.ഇരുനേതാക്കളുടേയും കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയമാകുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

മോദി- ഷി ജിന്‍ പിങ് അനൗദ്യോഗിക ഉച്ചകോടിക്ക് വേദിയാകുന്ന മഹാബലിപുരത്തിന് സുരക്ഷയേകാന്‍ വമ്പന്‍ സന്നാഹങ്ങളാണ് ഇന്ത്യ ഒരുക്കിയിരിക്കുന്നത്. തമിഴ്നാട് തലസ്ഥാനമായ ചെന്നൈയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള മഹാബലിപുരത്ത് അര്‍ധസൈനിക വിഭാഗത്തിന് പുറമേ 5000ത്തിലധികം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.

അതേസമയം,ചൈനീസ് പ്രസിഡന്റ് എത്തുന്ന ചെന്നൈയിലെ ഹോട്ടലിന് മുന്നില്‍ ടിബറ്റന്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമുണ്ടായി. കറുത്ത കൊടികളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. തുടര്‍ന്ന് തെന്‍സില്‍ സുനന്ത്യു അടക്കം 42 ടിബറ്റന്‍ സ്വദേശികള്‍ കരുതല്‍ കസ്റ്റഡിയിലാണ്.

നാവികസേന, തീരസംരക്ഷണ സേന എന്നിവര്‍ മഹാബലിപുരത്തിന് സമീപത്ത് സുരക്ഷയൊരുക്കി യുദ്ധക്കപ്പലുകളും
വിന്യസിച്ചുകഴിഞ്ഞു. ഇരുനേതാക്കളുടെയും ചര്‍ച്ചയും സന്ദര്‍ശനവും കഴിയുന്നതുവരെ 800 സുരക്ഷാ ക്യാമറകളുടെ നിരീക്ഷണത്തിന്‍ കീഴിലായിരിക്കും പ്രദേശം.

മഹാബലിപുരത്തെ ചരിത്രം ഓര്‍മ്മപ്പെടുത്തിയുള്ള ഉച്ചകോടി ഷിജിന്‍പിങ് നരേന്ദ്ര മോദി ബന്ധം കൂടുതല്‍ ഊഷ്മളമാക്കും എന്ന പ്രതീക്ഷയിലാണ് വിദേശകാര്യമന്ത്രാലയം.

ഇന്ത്യയുമായുള്ള ഭിന്നതകള്‍ മാറ്റി വച്ച് സൗഹൃദത്തോടെ മുന്നേറാന്‍ ശ്രമിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് മുന്‍പായി ചൈന വ്യക്തമാക്കി. ചെന്നൈ സന്ദര്‍ശനം വന്‍ വിജയമാകുമെന്നും പരസ്പര ബന്ധത്തില്‍ നിര്‍ണ്ണായക പുരോഗതിയുണ്ടാകുമെന്നും ചൈനീസ് വിദേശകാര്യ ഉപമന്ത്രി ലു ഷായി പറഞ്ഞു. വിമാനത്താവളത്തില്‍ ഷിജിന്‍പിങിന് വന്‍ വരവേല്‍പ്പായിരിക്കും നല്‍കുക. നാളെയാവും ഇരു നേതാക്കളും ഒറ്റയ്‌ക്കൊറ്റയ്ക്ക് ചര്‍ച്ച നടത്തുക. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും ചെന്നൈയിലെ ചര്‍ച്ചകളില്‍ പങ്കുചേരും.

കശ്മീര്‍ വിഷയത്തില്‍ ചൈന വീണ്ടും നിലപാട് മാറ്റിയ പശ്ചാത്തലത്തില്‍ കൂടിയാണ് ഇരുനേതാക്കളുടേയും കൂടിക്കാഴ്ച. യുഎന്‍ രക്ഷാസമിതിയില്‍ പാക് അനുകൂല നിലപാട് സ്വീകരിച്ച ചൈന, പിന്നീട് നിലപാട് മയപ്പെടുത്തിയിരുന്നു. എന്നാല്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഷീ ജിന്‍പിങ് ഇറക്കിയ പത്രക്കുറിപ്പില്‍ ചൈന വീണ്ടും നിലപാട് മാറ്റി. കശ്മീര്‍ ആഭ്യന്തര പ്രശ്‌നമെന്നും, വിഷയം ഷീ ജിന്‍പിങ് ഉന്നയിച്ചാല്‍ മാത്രം വിശദീകരണം നല്‍കാമെന്ന നിലപാടിലാണ് ഇന്ത്യ.

ചെന്നൈയിലെത്തുന്ന ചൈനീസ് പ്രസഡന്റിനെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ തയാറാക്കിയിട്ടുണ്ട്. സൗഹൃദ സംഭാഷണത്തിന് ശേഷം ഇരുനേതാക്കളും മഹാബലിപുരത്തെ പൈതൃക സ്മാരകങ്ങളും സന്ദര്‍ശിക്കും.

Top