വോട്ട് ഒത്തുനോക്കല്‍ 50 ശതമാനമാക്കല്‍: ഫലം ആറ് ദിവസം വൈകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

vote

ന്യൂഡല്‍ഹി: വിവിപാറ്റിലെ സ്ലിപ്പുകളും വോട്ടിങ് മെഷീനില്‍ പതിഞ്ഞ വോട്ടും ഒത്തുനോക്കുന്നത് 50 ശതമാനമാക്കി വര്‍ധിപ്പിച്ചാല്‍ ഫലം വരാന്‍ ആറ് ദിവസം എടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ ഇന്ന് സമര്‍പ്പിച്ച 50 പേജുള്ള സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.

50 ശതമാനം വിവിപാറ്റ് സ്ലിപ്പുകളും എണ്ണി നോക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി കമ്മീഷനോട് സത്യവാങ്മൂലം ആവശ്യപ്പെട്ടിരുന്നത്.21 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നാണ് 50 ശതമാനം വോട്ടുകള്‍ ഒത്തുനോക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. നിലവില്‍ ഒരു അസംബ്ലി മണ്ഡലത്തിലെ ഒരു പോളിങ് ബൂത്തിലെ വോട്ടുകള്‍ മാത്രമാണ് വിവിപാറ്റ് സ്ലിപ്പുകള്‍ ഒത്തുനോക്കുന്നത്.

നിലവില്‍ ഒത്തുനോക്കുന്ന രീതിയനുസരിച്ച് വിവിപാറ്റ് സ്ലിപ്പുകളും വോട്ടിങ് മെഷീനില്‍ പതിഞ്ഞ വോട്ടുകളും 99.9936 ശതമാനവും ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓരോ മണ്ഡലങ്ങളിലേയും 50 ശതമാനം വോട്ടുകളും ഒത്തുനോക്കുക എന്നത് വളരെ സമയമെടുക്കുന്ന കാര്യമാണ്. അങ്ങനെ ഒത്തുനോക്കുകയാണെങ്കില്‍ ഫലം വരുന്നതിന് ആറ് ദിവസത്തോളം കാത്തിരിക്കേണ്ടി വരും. ഒത്തുനോക്കുന്നത് വര്‍ധനവ് വരുത്തിയെന്ന് കരുതി വിശ്വാസ്യത വര്‍ധിപ്പിക്കാനാകില്ല. ഒരു പ്രത്യേക ശതമാനം സാമ്പിളുകള്‍ പരിശോധിച്ചത് കൊണ്ട് മാത്രമെ കൃത്യത ഉറപ്പിക്കാനാകൂ എന്നതിന് ശാസ്ത്രീയമായി ഒരടിസ്ഥാനവുമില്ലാത്തതാണെന്നും കമ്മീഷന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

Top