വാണിജ്യ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷയില്‍ 50 ശതമാനം ഇളവ് അനുവദിച്ച് ദുബായ്

ദുബായ്: മുന്‍ വര്‍ഷത്തേത് പോലെ 2019ലും വാണിജ്യ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷയില്‍ 50 ശതമാനം ഇളവ് അനുവദിക്കുമെന്ന് ദുബായ് സാമ്പത്തിക വികസന വകുപ്പ് (ഡി ഇ ഡി) അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നതിനും രാജ്യത്ത് വ്യാപരത്തിനുള്ള സൗകര്യങ്ങള്‍ എളുപ്പമാക്കുന്നതിന്റെയും ഭാഗമായാണ് നടപടി.

വ്യാപാര മേഖലയിലെ വെല്ലുവിളികള്‍ നേരിടുന്നതിനും മത്സരക്ഷമത ഉറപ്പുവരുത്തുന്നതിനുമാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. ഓരോ കലണ്ടര്‍ വര്‍ഷത്തിലും ആദ്യത്തെ ഒരു നിയമലംഘനത്തിന് മാത്രമാണ് പിഴയില്‍ 50 ശതമാനം ഇളവ് ലഭിക്കുക. 2017-18 വര്‍ഷങ്ങളിലായി വ്യാപാര മേഖലയില്‍ നിന്ന് 2.34 കോടി ദിര്‍ഹത്തിന്റെ പിഴ ശിക്ഷയാണ് ഒഴിവാക്കി നല്‍കിയത്.

നേരത്തേ ഉണ്ടായിരുന്ന പോലെ ഇനി 50 ശതമാനം ഇളവിന് പ്രത്യേകം അപേക്ഷയും നല്‍കേണ്ടതില്ല. വര്‍ഷത്തിലെ ആദ്യ നിയമലംഘനമാണെങ്കില്‍ പിഴ പകുതിയായി കുറയ്ക്കപ്പെടും. ലൈസന്‍സ് ഫീസുകളിലും മറ്റു ഇളവ് അനുവദിക്കുന്നത് പോലെ വ്യാപാരികള്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് ദുബായ് ഭരണകൂടം അനുവദിക്കുന്നതെന്നും ഡി ഇ ഡി അറിയിച്ചു.

Top