കശ്മീരില്‍ വൈദ്യുതി, കുടിവെള്ള ബില്ലുകള്‍ക്ക് 50 ശതമാനം ഇളവ്

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ലോക്ഡൗണിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക ആഘാതം കുറയ്ക്കാന്‍ 1,350 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് പാക്കേജ് പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തേക്ക് ജമ്മുകശ്മീരിലെ വിവിധ മേഖലകളിലുള്ളവര്‍ക്ക് വൈദ്യുതി, കുടിവെള്ളം എന്നിവയുടെ ബില്ലില്‍ 50 ശതമാനം ഇളവ് നല്‍കുന്നതാണ് പാക്കേജ്.

സൂഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍, വിനോദസഞ്ചാരം തുടങ്ങിയ മേഖകള്‍ക്ക് ഒരു വര്‍ഷത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 105 കോടി രൂപയാണ് ഇതിനായി നീക്കിവെക്കുക. കര്‍ഷകര്‍, സാധാരണക്കാര്‍, വ്യവസായികള്‍ എന്നിവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ക്ക് പുറമെയാണ് പുതിയ പാക്കേജെന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു.

സ്റ്റാമ്പ് ഡ്യൂട്ടി 2021 മാര്‍ച്ച് വരെ ഒഴിവാക്കിയതാണ് പാക്കേജിലെ മറ്റൊരു നിര്‍ദ്ദേശം. വ്യവസായ മേഖലയുടെ ഉത്തേജനത്തിനായി പുതിയ വ്യവസായ നയം ഉടന്‍ പ്രഖ്യാപിക്കുമെന്നും മനോജ് സിന്‍ഹ അറിയിച്ചു. സാമ്പത്തിക പാക്കേജിന്റെ ഭാഗമായി എല്ലാ വ്യവസായികളുടെയും വായ്പാ പലിശയില്‍ അഞ്ച് ശതമാനം ആറ് മാസത്തേക്ക് ഇളവ് നല്‍കിയിട്ടുമുണ്ട്. ഇതിലൂടെ വലിയതോതില്‍ തൊഴില്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

Top