സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ എത്തണം; ശനിയാഴ്ച്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും എല്ലാ വിഭാഗം ജീവനക്കാരിലെയും 50 ശതമാനം പേര്‍ ജോലിക്കു ഹാജരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശേഷിക്കുന്നവര്‍ വീടുകളില്‍നിന്ന് ജോലി ചെയ്യണം. ആവശ്യമെങ്കില്‍ മേലുദ്യോഗസ്ഥരുടെ നിര്‍ദേശത്തില്‍ ഓഫിസിലെത്തണമെന്നും നിര്‍ദേശം നല്‍കി. ഓഫീസുകളില്‍ സേവനം നല്‍കാന്‍ ആവശ്യമായ ജീവനക്കാരെ വിന്യസിക്കണം.

അതേസമയം, ശനിയാഴ്ച സര്‍ക്കാര്‍ ഓഫിസുകള്‍ അവധിയായിരിക്കും. തൊട്ടടുത്ത ജില്ലകളിലേക്ക് ജീവനക്കാര്‍ ഔദ്യോഗിക രേഖ ഉപയോഗിച്ച് യാത്ര ചെയ്യാം. മറ്റു ജില്ലകളില്‍നിന്ന് സ്ഥിരമായി ഓഫിസിലേക്ക് യാത്ര ചെയ്യുന്നവര്‍ മേലധികാരിയുടെ സാക്ഷ്യപത്രം കരുതണം. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഓഫിസുകളില്‍ എത്താന്‍ സാധിക്കാത്തവര്‍ രണ്ട് ദിവസത്തിനകം ജോലി ചെയ്യുന്ന ജില്ലകളിലെത്തണം. ഇപ്രകാരം യാത്ര ചെയ്യാനാകാത്തവര്‍ അതത് ജില്ലാ കലക്ടറുടെ മുന്നില്‍ ഹാജരാകണമെന്നും നിര്‍ദേശമുണ്ട്.

കലക്ടര്‍ കോവിഡ് നിര്‍വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ സ്ഥാപനങ്ങളിലോ കലക്ടറേറ്റിലോ അവരുടെ സേവനം ഉപയോഗിക്കണം. പരീക്ഷാ നടത്തിപ്പിന് മുന്നൊരുക്കം നടത്തുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം പ്രവര്‍ത്തിക്കാം. ശനിയാഴ്ച ഒഴിവ് ബാധകമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top