നോട്ടുനിരോധനത്തോടെ 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു; മോദിയെ വെട്ടിലാക്കി പുതിയ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഒറ്റ രാത്രികൊണ്ട് ഇന്ത്യന്‍ ജനങ്ങളെ എടിഎമ്മിന്റെ മുന്നില്‍ വരിവരിയായി നിര്‍ത്തിയ നോട്ടുനിരോധനത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. നോട്ടുനിരോധനം നടപ്പിലാക്കിയതിന് പിന്നാലെ രാജ്യത്ത് അമ്പത് ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായതായുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ബംഗളൂരുവിലെ അസിം പ്രേംജി യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ സസ്‌റ്റൈനബിള്‍ എംപ്ലോയ്‌മെന്റ് പുറത്തിറക്കിയ സ്‌റ്റേറ്റ് ഒഫ് വര്‍ക്കിംഗ് ഇന്ത്യ 2019 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നോട്ടുനിരോധത്തിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയില്‍ തൊഴില്‍ നഷ്ടമുണ്ടായതെന്നും ഇവ രണ്ടും തമ്മില്‍ ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇവ രണ്ടും തമ്മില്‍ ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തമായ പഠനം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു എന്നാല്‍ തൊഴില്‍ നഷ്ടമുണ്ടായത് നോട്ടുനിരോധനം മൂലമാണെന്ന് ഉറപ്പില്ലെങ്കിലും പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ആവശ്യമെങ്കില്‍ നയരൂപീകരണത്തില്‍ അടക്കം മാറ്റങ്ങള്‍ വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

2011ന് ശേഷം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വന്‍ തോതില്‍ വര്‍ദ്ധിച്ചു. ഉന്നത വിദ്യാഭ്യാസമുള്ളവരും യുവജനങ്ങളുമാണ് ഇതില്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നത്. ഇതിനൊപ്പം വിദ്യാഭ്യാസം ആവശ്യമില്ലാത്ത അവിദഗ്ദ്ധ തൊഴിലാളികള്‍ക്കും ജോലി നഷ്ടമായത് സ്ഥിതി രൂക്ഷമാക്കി. 2011-12ല്‍ തൊഴിലില്ലായ്മ നിരക്ക് 2.2 ശതമാനമായിരുന്നു. 2017-2018ല്‍ 6.1 ശതമാനമായി. ഗ്രാമ പ്രദേശത്തെക്കാളും നഗര പ്രദേശങ്ങളിലാണ് തൊഴിലില്ലായ്മ കൂടുതലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ആഘാതം ഏറ്റവും അധികം ബാധിച്ചത് യുവാക്കളെയാണെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയം തൊഴിലില്ലായ്മ ആയിരിക്കുമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളും നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്.

Top