മാങ്ങ വിൽപ്പനയുടെ മറവില്‍ 150 കിലോ കഞ്ചാവ് കടത്തി; 2 പേര്‍ പിടിയില്‍

കൊച്ചി: 150 കിലോ കഞ്ചാവുമായി കൊച്ചിയില്‍ രണ്ടു പേരെ പിടികൂടി. പാലക്കാട് കല്‍മണ്ഡപം സ്വദേശി നന്ദകുമാര്‍(27), വാളയാര്‍ സ്വദേശി കുഞ്ഞുമോന്‍ (36) എന്നിവരാണു പിടിയിലായത്. പ്രതികള്‍ വധശ്രമം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളിലും ലഹരിമരുന്ന് കേസുകളിലും പ്രതികളാണ്.

കണ്ടെയ്‌നര്‍ റോഡിലെ ആനവാതില്‍ എന്ന സ്ഥലത്തു നിന്ന് വാനില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് സ്റ്റേറ്റ് എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്തത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി മദ്യശാലകള്‍ അടഞ്ഞതോടെ ലഹരിമരുന്ന് മാഫിയകള്‍ പിടിമുറുക്കുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലായി കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടത്തിയ നിരീക്ഷണത്തിലാണ് പ്രതികള്‍ വലയിലായത്.

ഹൈദരാബാദില്‍നിന്നും മാങ്ങ കൊണ്ടുവരുന്നതിന്റെ മറവിലാണ് കഞ്ചാവ് കടത്തിയത്. മാങ്ങ നിറച്ച ക്രേറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കുഞ്ഞുമോന്‍ കഞ്ചിക്കോട്നിന്നും എക്സൈസ് പിടികൂടിയ കഞ്ചാവ് കേസില്‍ അടുത്തിടെ ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. വീണ്ടും കഞ്ചാവ് കടത്തില്‍ സജീവമായി.

ആന്ധ്രയില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് കുഞ്ഞുമോന്‍. എറണാകുളം മുളവുകാട് സ്വദേശി ബോട്ട് ആന്റണി എന്നറിയപ്പെടുന്ന ആന്റണിക്ക് വേണ്ടിയാണു കഞ്ചാവ് എത്തിച്ചതെന്ന് പ്രതികള്‍ വെളിപ്പെടുത്തി. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ ചുമതലയുള്ള എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.അനികുമാറിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ആണ് പ്രതികളെ പിടികൂടിയത്.

 

Top