ഒറ്റ ക്ലിക്കില്‍ 50; എളുപ്പം ക്ലിയറാക്കാവുന്ന ഫീച്ചറുമായി ജിമെയില്‍

പെട്ടെന്ന് ശ്രദ്ധിക്കാത്ത എന്നാല്‍ വളരെ അത്യന്താപേക്ഷിതമായ ഒരു ആപ്പ് ആണ് ജിമെയില്‍. ഈ ജിമെയില്‍ ഇന്‍ബോക്സില്‍ അനാവശ്യ മെയിലുകള്‍ കുന്നുകൂടുന്നത് പതിവാണ്. ഇത് നീക്കം ചെയ്യുന്നതാകട്ടെ വിരസമായ ജോലിയും. എന്നാല്‍ ഉപഭോക്താക്കളുടെ ഈ പ്രയാസം മറികടക്കാന്‍ പുതിയ സൗകര്യമൊരുക്കുകയാണ് ഗൂഗിള്‍. ജിമെയില്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇനി 50 ഇമെയിലുകള്‍ തിരഞ്ഞെടുത്ത് ഒറ്റ ക്ലിക്കില്‍ നീക്കം ചെയ്യാം.

ജിമെയില്‍ ആന്‍ഡ്രോയിഡ് 2023.08.20.561750975 വേര്‍ഷനിലാണ് ഈ പുതിയ ഫീച്ചര്‍ ലഭിക്കുക. സാംസങ് ഗാലക്സി, പിക്സല്‍ ഉപഭോക്താക്കള്‍ക്കും ആന്‍ഡ്രോയിഡ് 13, 14 വേര്‍ഷനുകളിലുള്ളവര്‍ക്കും ഇത് ലഭ്യമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഫോണുകളില്‍ ഇത് ലഭിച്ചേക്കും.

ജിമെയില്‍ ആപ്പില്‍ സെലക്ട് ഓള്‍ എന്ന ലേബലിലാണ് ഈ ഫീച്ചര്‍ ഉണ്ടാവുകയെങ്കിലും ആദ്യ 50 ഇമെയിലുകളാണ് ഇതില്‍ സെലക്ട് ചെയ്യപ്പെടുക. ഇതില്‍ നീക്കം ചെയ്യേണ്ടതില്ലാത്ത ഇമെയിലുകള്‍ അണ്‍ടിക്ക് ചെയ്ത് ഒഴിവാക്കാനും സാധിക്കും.15 ജിബി മാത്രം മെമ്മറി ഉള്ള ജിമെയിലിന്റെ സൗജന്യ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാണ് ഈ ഫീച്ചര്‍.

ഇമെയിലുകള്‍ക്കൊപ്പം വരുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം മെമ്മറി കയ്യടക്കുന്നവയാണ്. ഇമെയിലുകള്‍ നീക്കം ചെയ്യുന്നതോടെ വലിയൊരളവില്‍ ഗൂഗിള്‍ മെമ്മറി കാലിയാക്കാന്‍ സാധിക്കും.ജിമെയിലിന്റെ വെബ് വേര്‍ഷനില്‍ നേരത്തെ തന്നെ 50 മെയിലുകള്‍ ഒരേസമയം നീക്കം ചെയ്യാനുള്ള സൗകര്യമുണ്ട്.

Top