ഖത്തറില്‍ ലോജിസ്റ്റിക് മേഖലയില്‍ നിക്ഷേപകര്‍ക്ക് വാടകയില്‍ അമ്പത് ശതമാനം ഇളവ്

ദോഹ: പ്രാദേശിക നിക്ഷേപങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ട് ലോജിസ്റ്റിക് മേഖലയില്‍ നിക്ഷേപകര്‍ക്ക് വാടകയില്‍ ഇളവ്.

അമ്പത് ശതമാനം ഇളവ് നല്കുന്നതിനാണ് പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ നിര്‍ദേശം.

സ്വകാര്യമേഖലയെ പിന്തുണയ്ക്കുന്നതിനും രാജ്യത്തിന്റെ സുസ്ഥിരവികസനത്തില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുമുള്ള അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അമീറിന്റെ നിര്‍ദേശം നടപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് നിക്ഷേപകര്‍ക്ക് ഇളവ് നല്‍കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. രണ്ട് വര്‍ഷത്തേക്കാണ് വാടകയില്‍ അമ്പത് ശതമാനം ഇളവ് നല്‍കുന്നത്.

രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലെ പ്രത്യേക സാമ്പത്തിക മേഖലയുടെ (മനാടെക്) കീഴിലെ ലോജിസ്റ്റിക് മേഖലകളിലെ മുഴുവന്‍ നിക്ഷേപകര്‍ക്കും വാടകയിനത്തില്‍ ഇളവ് നല്‍കുന്നതാണ്.

ലോജിസ്റ്റിക് മേഖലയില്‍ നിക്ഷേപം നടത്തുന്ന, 2018 ജനുവരി 31ന് മുമ്പായി ലൈസന്‍സ് കരസ്ഥമാക്കുന്ന നിക്ഷേപകരെ 2018, 2019 വര്‍ഷങ്ങളില്‍ വാടകയില്‍നിന്ന് ഒഴിവാക്കുകയും ചെയ്യും.

ഖത്തറി മാനദണ്ഡങ്ങള്‍ പ്രകാരം ഉത്പാദിപ്പിക്കുന്ന പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങുന്നത് മുപ്പതില്‍നിന്ന് നൂറ് ശതമാനമാക്കി വര്‍ധിപ്പിക്കാന്‍ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top