50 കോടി ക്ലബ്ബിൽ ‘ന്നാ താൻ കേസ് കൊട്’

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് ‘ന്നാ താൻ കേസ്‌ കൊട്‌’. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രമാണിത്. പോസ്റ്റർ വാചകത്തിലെ വിവാദങ്ങൾക്കിടെ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷക നിരൂപക പ്രശംസകൾ നേടി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ ചിത്രം ബോക്സ് ഓഫീസിൽ ഹാഫ് സെഞ്ച്വറി അടിച്ചിരിക്കുകയാണ്.

ഓ​ഗസ്റ്റ് 11നാണ് ‘ന്നാ താൻ കേസ് കൊട്’ തിയറ്ററുകളിൽ എത്തിയത്. കുഞ്ചാക്കോ ബോബൻ തന്നെയാണ് ന്നാ താൻ കൊട് 50 കോടി ക്ലബ്ബിൽ എത്തിയ വിവരം പങ്കുവച്ചിരിക്കുന്നത്. “ഞങ്ങളുടെ സിനിമ വലിയ വിജയമാക്കിയതിന് നന്ദി! സ്നേഹവും പിന്തുണയും ഒരു മാജിക് പോലെ ആയിരുന്നു! . ന്നാ താൻ കേസ് കോട് മൊത്തം 50 കോടി ബിസിനസ് നേടി”, എന്നാണ് കു‍ഞ്ചാക്കോ ബോബൻ സന്തോഷം പങ്കുവച്ച് കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രം​ഗത്തെത്തിയത്.

കു‍ഞ്ചാക്കോ ബോബന്റെ സിനിമാ കരിയറിലെ മികച്ചൊരു കഥാപാത്രം റിലീസിന് മുൻപ് തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധകവർന്നിരുന്നു. മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ‘ദേവദൂതര്‍ പാടി’ എന്ന ​ഗാനം ഈ ചിത്രത്തിന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്‍ത് പുറത്തിറക്കിയത് ഏറെ ശ്രദ്ധനേടിയിരുന്നു.

 

Top