കൂട്ടുകാര്‍ക്ക് ഉച്ചഭക്ഷണത്തിനായി കടം; കൊടുത്ത് തീര്‍ക്കാന്‍ 5 വയസ്സുകാരി ചെയ്തത്!

മുക്ക് ആരെയെങ്കിലും സഹായിക്കാന്‍ കഴിയുമോ? സ്വന്തം ജീവിതം നോക്കാനുള്ള പണമില്ല, പിന്നെങ്ങിനെ മറ്റൊരാളെ സഹായിക്കും, ഇതാണ് ഭൂരിപക്ഷം ആളുകളുടെയും നിലപാട്. ഈ മനസ്ഥിതി കാണിക്കുന്നവര്‍ക്ക് മാതൃകയാകുകയാണ് ഒരു 5 വയസ്സുകാരി. കൂടെ പഠിക്കുന്ന കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ലഭിക്കാന്‍ അതുവരെയുള്ള കടം കൊടുത്ത് തീര്‍ക്കാന്‍ ശ്രമിച്ചത് മുതല്‍ തുടങ്ങുന്നു കാറ്റിലിന്‍ ഹാര്‍ഡിയുടെ കനിവിന്റെ കഥ.

കാലിഫോര്‍ണിയ വിസ്റ്റയിലെ ബ്രീസ് ബില്‍ എലിമെന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് കാറ്റിലിന്‍. തനിക്കൊപ്പം പഠിക്കുന്ന ഏതാനും വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ ചെലവ് എടുക്കാന്‍ പാടുപെടുന്നതായി അടുത്തിടെയാണ് അവള്‍ മനസ്സിലാക്കിയത്. മകള്‍ തന്നോട് നിരവധി ചോദ്യങ്ങള്‍ ചോദിച്ചെന്ന് അമ്മ കരീനാ ഹാര്‍ഡി പറഞ്ഞു. ഒരു അഞ്ച് വയസ്സുകാരിക്ക് മനസ്സിലാകാവുന്ന തരത്തില്‍ അമ്മ മറുപടി നല്‍കി.

ചിലര്‍ക്ക് നമ്മളെ പോലെ ഭാഗ്യമില്ലെന്ന അമ്മയുടെ വാക്കുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കാറ്റിലിന്‍ ഹാര്‍ഡി ഹോട്ട് കൊക്കോയും, കുക്കീസും വില്‍ക്കാന്‍ വീടിന് മുന്നില്‍ ഒരു ചെറിയ സ്റ്റാള്‍ സ്ഥാപിച്ചു. ആ അധ്വാനം ഫലം കാണുകയും ചെയ്തു. സ്‌കൂളിലെ 123 വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തിലെ കടമാണ് ആ മിടുക്കി അടച്ചുതീര്‍ത്തത്.

തന്റെ മകളുടെ ചെറിയ ഉദ്യമത്തിന് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ട് അമ്മ കരീന ഫേസ്ബുക്കില്‍ വിവരം പങ്കുവെച്ചു. പ്രദേശത്തെ ആളുകള്‍ സജീവമായി പങ്കെടുത്തതോടെ പരിപാടി വിജയമായി. സ്‌കൂളും കാറ്റിലിന്റെ ശ്രമത്തെ പുകഴ്ത്തി. ഇപ്പോള്‍ വിസ്റ്റാ യൂണിഫൈഡ് സ്‌കൂള്‍ ജില്ലയിലെ ആയിരക്കണക്കിന് കുട്ടികളുടെ 6373 ഡോളര്‍, ഏകദേശം നാലര ലക്ഷം രൂപയുടെ കടം തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് ഈ 5 വയസ്സുകാരി!

Top