അങ്കണവാടിയിലെ പരിപ്പുകറി പാത്രത്തില്‍ വീണ് അഞ്ചുവയസുകാരി മരിച്ചു

ഭോപ്പാല്‍ : അങ്കണവാടിയിലെ പരിപ്പുകറി പാത്രത്തില്‍ വീണ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ശഹ്‌ഡോല്‍ ജില്ലയിലെ അങ്കണവാടിയിലാണ് സംഭവം. സുഹാസിനി ബൈഗയാണ് കറിപ്പാത്രത്തില്‍ വീണ് മരിച്ചത്. കുട്ടി അറിയാതെ കാല്‍ വഴുതി പാത്രത്തില്‍ വീണതാവാമെന്നാണ് നിഗമനം. ചികിത്സയിലിരിക്കെയാണ് സുഹാസിനി മരണപ്പെട്ടത്.

അങ്കണവാടിയിലെ സഹായിയായ കൈസി ബൈഗയാണ് കുട്ടിയെ പാത്രത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. പാചകപ്പുരയോടു ചേര്‍ന്ന മുറിയില്‍ അരിയെടുക്കാന്‍ പോയിരുന്നുവെന്നും കുട്ടിയുടെ നിലവിളി കേട്ടാണെത്തിയതെന്നും ഇവര്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഏതെങ്കിലും തരത്തിലുള്ള കൃത്യവിലോപം കണ്ടെത്തിയാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

Top