കോവിഡ്; പോരാട്ടം ശക്തമാക്കി ഡല്‍ഹി സര്‍ക്കാര്‍, വൈറസിനെ തളയ്ക്കാന്‍ 5 ആയുധങ്ങള്‍

ന്യൂഡല്‍ഹി: കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പോരാട്ടം ശക്തമാക്കാനുള്ള നീക്കങ്ങളുമായി ഡല്‍ഹി സര്‍ക്കാര്‍. അണ്‍ലോക് 1 ആരംഭിച്ച ജൂണ്‍ 8നുശേഷം ഡല്‍ഹിയിലെ കോവിഡ് ബാധിതരുടെ വര്‍ധന ഞെട്ടിക്കുന്നതായിരുന്നെന്നും സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചു.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുമെന്ന് അറിയാമായിരുന്നു. എന്നാല്‍ കേസുകളുടെ വര്‍ധന പ്രതീക്ഷിച്ചതിലും വളരെ കൂടുതലായിരുന്നുവെന്ന് മുഖ്യമന്ത്രി കെജ്രിവാള്‍ പറഞ്ഞു.ഈ ഘട്ടത്തില്‍ 2 മാര്‍ഗങ്ങളാണ് മുന്നില്‍ ഉണ്ടായിരുന്നത് എന്ന് പറഞ്ഞ കെജ്രിവാള്‍ ആദ്യത്തേത് ലോക്ഡൗണ്‍ നീട്ടുക എന്നതും രണ്ടാമത്തേത് കോവിഡിനെതിരെ യുദ്ധം ചെയ്യുക എന്നതായിരുന്നു എന്നും പറഞ്ഞു.

ലോക്ഡൗണ്‍ ഒരിക്കലെങ്കിലും തീര്‍ന്നേ പറ്റൂ. അതുകൊണ്ടു തന്നെ യുദ്ധം ചെയ്യാന്‍ തീരുമാനിച്ചുവെന്നും ഡല്‍ഹി നിവാസികള്‍ക്കായി പുറത്തിറക്കിയ ഹ്രസ്വ വിഡിയോ സന്ദേശത്തില്‍ കെജ്രിവാള്‍ പറഞ്ഞു.

കോവിഡിനെതിരെ പോരാടാന്‍ 5 ആയുധങ്ങളാണ് സര്‍ക്കാര്‍ തയാറാക്കിയതെന്നും കെജ്രിവാള്‍ പറഞ്ഞു. ആശുപത്രി കിടക്ക വര്‍ധിപ്പിക്കുകയായിരുന്നു ആദ്യത്തേത്ത്. സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികളില്‍ അധികമായി 3500 കിടക്ക ക്രമീകരിച്ചു. സ്വകാര്യ ആശുപത്രികളും കോവിഡ് കേന്ദ്രങ്ങളാക്കി മാറ്റി.

ഛത്തര്‍പുരിലെ രാധാ സോമി സത്സംഗിലെ 10,000 കിടക്കയുള്ള സൗകര്യവും ക്രമീകരിച്ചു. ഇന്നു ഡല്‍ഹിയിലെ എല്ലാ ആശുപത്രികളിലും 40% കിടക്ക കോവിഡ് രോഗികള്‍ക്കു വേണ്ടി മാറ്റിവച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പ്രതിദിനം 20,000 കോവിഡ് പരിശോധനയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പരിശോധനാ ലാബുകളുടെ എണ്ണമുയര്‍ത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. വീടുകളില്‍ ഐസലേഷനില്‍ കഴിയുന്ന രോഗികള്‍ക്കെല്ലാം ഓക്സിമീറ്റര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് രോഗികളെ കണ്ടെത്താനുള്ള സജീവമായ സര്‍വേകളാണ് അടുത്ത നടപടി. ഇതിന്റെ ഭാഗമായുള്ള സെറോ സര്‍വേയും വീടുകള്‍ കയറിയുള്ള സര്‍വേയും ആരംഭിച്ചു കഴിഞ്ഞുവെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ തോത് മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണു സെറ സര്‍വേ നടത്തുന്നത്. പ്ലാസ്മ തെറപ്പിയും കോവിഡിനെതിരെ ഫലപ്രദമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏറെ ഗുരുതരാവസ്ഥയിലുള്ളവരെ പ്ലാസ്മ തെറപ്പി സഹായിക്കുന്നുണ്ടാകില്ല. എന്നാല്‍ രോഗം അല്‍പം പിടിമുറുക്കുന്ന സാഹചര്യത്തില്‍ ഇതു ഫലപ്രദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഞങ്ങളുടെ വിജയം ഉറപ്പാണ്, പക്ഷേ എപ്പോള്‍ എന്ന് പറയാന്‍ കഴിയില്ല. കൊറോണയെ തോല്‍പ്പിക്കുകയും ഡല്‍ഹി വിജയിക്കുകയും ചെയ്യും. ഈ അഞ്ച് ആയുധങ്ങളും വളരെ ഫലപ്രദമാണെന്ന് തെളിയിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്ര കഴിഞ്ഞാല്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഡല്‍ഹിയാണ് രണ്ടാമത്.. 80,000ല്‍ അധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച രാജ്യ തലസ്ഥാനത്ത് 2,558 പേര്‍ക്കാണ് വൈറസ് മൂലം ജീവന്‍ നഷ്ടമായത്.

Top