20,000 രൂപയ്ക്കു താഴെ അടിപൊളി ഫീച്ചറുകളുമായി 5 മുൻനിര സ്മാർട്ട്‌ഫോണുകൾ

മുംബൈ: കിടിലൻ കാമറ മുതൽ മികച്ച പെർഫോമൻസും ബാറ്ററിയും പ്രീമിയം ഡിസൈൻ വരെ നീളുന്ന അടിപൊളി ഫീച്ചറുകൾ. സാധാരണക്കാർക്കും ഇതെല്ലാം പ്രാപ്യമാണെന്നു തെളിയിക്കുന്ന കിടിലൻ ഫോണുകളാണ് വിപണിയിലെത്തുന്നത്. ഉടൻ രാജ്യം പിടിച്ചടക്കാനിരിക്കുന്ന 5ജി സാങ്കേതികവിദ്യയുടെ അടക്കം സപ്പോർട്ടുള്ള ഫോണുകളുമായി എത്തുന്നത് മുൻനിര സ്മാർട്ട് ഫോൺ നിർമാതാക്കൾ തന്നെയാണ്. സാംസങ്, റെഡ്മി, വൺപ്ലസ്, റിയൽമി, മോട്ടോ അടക്കമാണ് 20,000 രൂപയ്ക്കും താഴെ വിലയുള്ള കിടിലൻ ഫീച്ചറുകളടങ്ങിയ സ്മാർട്ട്‌ഫോണുകളുമായി ഈ മാസം എത്തുന്നത്.

ഞെട്ടിപ്പിക്കുന്ന ഫീച്ചറുകളാണ് സാംസങ്ങിന്റെ ഗ്യാലക്‌സി എം33 5ജിയിലുള്ളത്. ഗ്യാലക്‌സി എം33ന്റെ 50 മെഗാപിക്‌സസിന്റെ ബേസിക് ക്യാമറയിൽ തന്നെ ഏതു വെളിച്ചത്തിലും അതിസൂക്ഷ്മമായ സംഗതികൾ പോലും ഒപ്പിയെടുക്കാനാകും. രാത്രിയും പകലുമെന്നില്ലാതെ നിങ്ങൾ ആഗ്രഹിക്കുന്ന മികച്ച ഫോട്ടോകൾ എടുക്കാൻ ഈ കാമറയ്ക്കാകും. മറ്റു ഫോണുകളെ അപേക്ഷിച്ച് ഇത്തിരി ഭാരം കൂടുതലാണെങ്കിലും അത് ഫോണിന്റെ ബാറ്ററിയുടെ ശേഷി ഉറപ്പാക്കുന്ന പ്രധാന കാര്യമാണ്. ഇതോടൊപ്പം 128 ജിബി സ്റ്റോറേജും ഫോണിനുണ്ട്. വെറും 14,499 രൂപയാണ് ഫോണിന്റെ വില. ആറു ജി.ബി റാമും 128 ജി.ബി സ്‌റ്റോറേജുമുള്ള സാംസങ് ഗ്യാലക്‌സി എ33 5ജിയുടേതാണ് ഈ വില.

റെഡ്മി നോട്ട് 11 സീരീസിൽ കിടിലൻ ഫീച്ചറുകളടങ്ങിയ പുത്തൻ ഫോണുകൾ ലോഞ്ച് ചെയ്യാനിരിക്കുകയാണ് ഷവോമി. ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഫോണാണ് റെഡ്മി നോട്ട് 11ടി 5ജി. സാധാരണ റെഡ്മി ഫോണുകളെപ്പോലെത്തന്നെ ബജറ്റ് വിലയിൽ ഏറ്റവും മികച്ച പെർഫോമൻസ് നൽകുക എന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചാണ് പുതിയ ഫോണുകളെത്തുന്നത്. അതിനാൽ, പുറംകാഴ്ചകൾക്കപ്പുറം അകത്താണ് റെഡ്മി നോട്ട് 11ടി 5ജിയുടെ കാര്യം.8ജി.ബി റാം വരെ നോട്ട് 11ടി 5ജിയിലുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയും. 90 എച്ച്.ഇസെഡ് ആണ് ഡിസ്‌പ്ലേ. അകം നന്നായെന്നു കരുതി മറ്റു കാര്യങ്ങളും അത്ര മോശമല്ല. കിടിലൻ കാമറയാണ് നോട്ട് 11ടിയിൽ വരുന്നതെന്നാണ് റിപ്പോർട്ട്. നല്ല വെളിച്ചത്തിൽ സെൽഫി കാമറയിൽ വരെ സൂക്ഷ്മമായ വസ്തുക്കൾ പകർത്താനാകും. സാംസങ്ങിനെപ്പോലെ റെഡ്മി നോട്ട് 11ടി 5ജിയുടെ വില കേട്ടാലും നിങ്ങൾ ഒരുപക്ഷെ ഞെട്ടിയേക്കും. വെറും 14,999 രൂപയാണ് ആറ് ജി.ബി റാം 64 ജി.ബി സ്റ്റോറേജുമുള്ള ഫോണിന്റെ വില.

വൺപ്ലസ് നോർഡ് സി.ഇ 2വിന്റെ വെട്ടിയൊതുക്കി, ചെത്തിമിനുക്കിയ വേർഷനാണെന്നു വേണമെങ്കിൽ വൺപ്ലസ് നോർഡ് സി.ഇ 2 ലൈറ്റ് 5ജിയെ വിശേഷിപ്പിക്കാം. വൺപ്ലസിന്റെ ഏറ്റവും മികച്ച ബജറ്റ് ഫോണുകളിലൊന്നാകും ഇത്.120 എച്ച്.ഇസെഡ് ആണ് ഡിസ്‌പ്ലേ. സ്‌നാപ്ഡ്രാഗൺ 695 എസ്ഒസി പോസസർ. ബജറ്റ് വിലയിൽ ഓക്‌സിനസ് ഒ.എസ് സോഫ്റ്റ്‌വെയർ അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒന്നും നോക്കാതെ വാങ്ങാം ഈ ഫോൺ.

5,000 എംഎഎച്ച് ബാറ്ററിക്ക് 33 വാട്ട് ഫാസ്റ്റ് ചാർജിങ് എന്ന മറ്റൊരു സവിശേഷത കൂടിയുണ്ട്. കാമറയും മോശമല്ല. പിന്നിൽ 64 മെഗാപിക്‌സൽ ട്രിപ്പിൾ കാമറയാണുള്ളത്.സാംസങ്, റെഡ്മി ഫോണുകളെക്കാൾ അൽപം വില കൂടുതലാണ്. എന്നാൽ, അതൊരു വലിയ വിലയുമല്ല. ആറു ജി.ബി റാമും 128 ജി.ബി സ്റ്റോറേജുമുള്ള വൺപ്ലസ് നോർഡ് സി.ഇ 2 ലൈറ്റ് 5ജിയുടെ വില 18,999 രൂപയാണ്.

മോട്ടോ ജി സീരീസിലെ ഏറ്റവും പ്രീമിയം ഫീച്ചറുകളടങ്ങിയ ഫോണാണ് മോട്ടോ ജി82 5ജി. വൻ വിലയുള്ള ഫോണുകൾ മാത്രം കണ്ടുവരുന്ന ഫീച്ചറുകൾ നിങ്ങൾക്ക് ഈ ഫോണിൽ ലഭ്യമാകുമെന്നതു തന്നെയാണ് ഏറ്റവും വലിയ കാര്യം.6.6 ഇഞ്ച് 10 ബിറ്റ് പിഒഎൽഇഡിയാണ് മോട്ടോ ജി82 5ജിയുടെ ഫ്രണ്ട് സ്്ക്രീൻ. ടച്ച് സ്‌ക്രീൻ വേഗത 360 എച്ച്ഇസെഡ് വരെയാണ്. വലിയ സ്‌ക്രീനിനൊപ്പം 7.9 എംഎം ഘനവും 173 ഗ്രാം ഭാരവുമാണ് ഫോണിന്റേത്.കാമറയുടെ കാര്യം പറയാം. 50 മെഗാപിക്‌സൽ റിയർ കാമറയാണ് ഇതിലുള്ളത്. ഇതോടൊപ്പം വൻ വിലയുള്ള ഫോണുകളിൽ മാത്രം ലഭിക്കുന്ന ഒപ്ടിക്കൽ ഇമേജ് സ്റ്റബിലൈസൈഷൻ ഫീച്ചറും ലഭ്യമാണ്. 5,000 എംഎഎച്ച് ബാറ്ററിയും 33 വാട്ട് ഫാസ്റ്റ് ചാർജിങ്ങുമാണ്.19,999 രൂപയാണ് ഫോണിന്റെ അടിസ്ഥാനവില. ആറ് ജി.ബി റാമും 128 സ്റ്റോറേജുമാണ് ഈ മോട്ടോ ജി82 5ജി ഫോണിലുള്ളത്.

ഏറെ സവിശേഷതകളുള്ള റിയൽമി ഫോണാണ് 9 5ജി എസ്ഇ. മികച്ച ഡിസ്‌പ്ലേ തന്നെയാണ് ഒന്നാമത്തെ കാര്യം. അതോടൊപ്പം അടിപൊളി പെർഫോമൻസും.ഡിസ്‌പ്ലേയിൽ ടച്ച് സ്‌ക്രീൻ റിഫ്രഷ് റേറ്റ് 144 എച്ച്ഇസെഡ് ആണ്. 5,000എംഎഎച്ച് ബാറ്ററിയുണ്ട്. 33വാട്ട് ഫാസ്റ്റ് ചാർജിങ്ങും സാധ്യമാണ്. കാമറയും മോശമല്ല. 48 മെഗാപിക്‌സൽ ട്രിപ്പിൾ റിയർ കാമറയാണ് ഫോണിലുള്ളത്.19,999 രൂപയാണ് റിയൽമി 9 5ജി എസ്ഇയുടെ അടിസ്ഥാന വില. ആറ് ജി.ബി റാമും 128 ജി.ബി സ്റ്റോറേജുമാണ് ഈ ഫോണിലുണ്ടാകുക.

 

Top