പപ്പുമോൻ എന്ന് ആക്ഷേപിച്ചവർക്കുള്ള മറുപടി തെരഞ്ഞെടുപ്പിൽ നൽകി രാഹുൽ

ന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മോഡിയുടെ പ്രഭാവത്തിന് മങ്ങലേല്‍പ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ കുതിപ്പിന് കരുത്താകുന്നു. രാഹുല്‍ഗാന്ധിയെയും നെഹ്‌റുകുടുംബത്തേയും ആക്ഷേപിച്ചും അപമാനിച്ചും മോഡി നടത്തിയ പ്രചരണങ്ങള്‍ക്കാണ് തരിച്ചടി ലഭിക്കുന്നത്.

രാജ്യത്തിന്റെ കാവല്‍ക്കാരനെ കള്ളനാണെന്നു വിളിച്ച് റാഫേല്‍ ഇടപാടില്‍ നരേന്ദ്രമോഡിയെ പ്രതികൂട്ടിലാക്കാന്‍ രാഹുലിനു കഴിഞ്ഞു. പ്രതിപക്ഷത്തെ നയിക്കാന്‍ രാഹുല്‍ഗാന്ധിക്കു പക്വതയുണ്ടോ എന്നു സംശയിക്കുന്നവര്‍ക്കുള്ള മറുപടിയാണ് കോണ്‍ഗ്രസിന്റെ ഈ തെരഞ്ഞെടുപ്പ് വിജയം.

പ്രധാനമന്ത്രി നരേന്ദ്രമോഡിയും വലം കൈആയ ബി.ജെ.പി അധ്യക്ഷ അമിത് ഷായുമായി ഒത്തുചേര്‍ന്ന് നടത്തിയ ചാണക്യ തന്ത്രങ്ങളെല്ലാം രാഹുല്‍ഗാന്ധിയുടെ ചുറുചുറുക്കുള്ള പ്രചരണത്തില്‍ തകര്‍ന്നടിയുകയായിരുന്നു. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും തകര്‍പ്പന്‍ മുന്നേറ്റമാണ് കോണ്‍ഗ്രസ് നടത്തിയത്. പാര്‍ട്ടി തകര്‍ന്നടിഞ്ഞ തെലങ്കാനയിലും കൈപ്പത്തിയ്ക്ക് ഉയര്‍ത്തെഴുന്നേല്‍പ്പ് നല്‍കാന്‍ സാധിച്ചു. ഇവിടെ പ്രാദേശിക വികാരമാണ് ഭരണ പക്ഷമായ ടിആര്‍എസിനെ തുണച്ചത്.

ബിജെപി ശക്തി കേന്ദ്രങ്ങളായ സംസ്ഥനങ്ങളില്‍ കോണ്‍ഗ്രസിന് ഭരണം ലഭിക്കുന്നത് ഹിന്ദു ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിന്റെ ജൈത്രയാത്രയ്ക്കുള്ള തുടക്കം കൂടിയാണ്. രാഷ്ട്രീയ പ്രചരണങ്ങള്‍ക്കിടെ രാമക്ഷേത്ര നിര്‍മ്മാണം മുഖ്യ അജണ്ടയാക്കി വര്‍ഗ്ഗീയ ചേരിതിരിവിനുള്ള മോഡിയുടെയും സംഘപരിവാറിന്റെയും നീക്കങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്നാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നത്.

ഈ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം 65 ലോക്സഭാ സീറ്റുകളുണ്ട്. 2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇതില്‍ 62 സീറ്റുകളും വിജയിച്ചത് ബിജെപിയാണ്. അന്നത്തെ മേധാവിത്വം ഇക്കുറി ബിജെപി ആവര്‍ത്തിക്കില്ലെന്ന വ്യക്തമായ സൂചനയാണ് ഇപ്പോഴത്തെ ഫലം രാജ്യത്തിന് നല്‍കുന്നത്.

മോദിക്കെതിരെ പ്രതിപക്ഷ മഹാസഖ്യം എന്ന രാഹുല്‍ഗാന്ധിയുടെ ലക്ഷ്യത്തിലേക്ക് ഇനി അധിക ദൂരമില്ല. ബി.എസ്.പി അടക്കമുള്ള കക്ഷികള്‍ കോണ്‍ഗ്രസുമായി അടുക്കാന്‍ നിര്‍ബന്ധിതരാകും. മോഡിക്കും അമിത് ഷാക്കുമെതിരെ മിണ്ടാന്‍ ഭയക്കുന്ന ബി.ജെ.പിയില്‍ ഇനി കലാപക്കൊടിയും ഉയരും. മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി, സുഷമസ്വരാജ് എന്നിവരൊക്കെ മോഡിയുടെ മേധാവിത്വത്തില്‍ അതൃപ്തരാണ്.

മോഡിയുടെ പ്രഭാവത്തില്‍ ഭരണം നേടാമെന്ന ബി.ജെ.പിയുടെ ആത്മവിശ്വാസമാണ് തകര്‍ന്നടിയുന്നത്. പ്രഖ്യാപനങ്ങളും ഭരണപരാജയങ്ങളും തെരഞ്ഞെടുപ്പ് വിഷയമാകുമ്പോള്‍ മോഡിയുടെ പ്രഭാവം മങ്ങുന്ന കാഴ്ചയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ നല്‍കുന്നത്.

Top