കെജ്രിവാളിന്റെ മൂന്നാം ഇന്നിംഗ്‌സ്; ആ ‘5’ പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയാല്‍ എതിരാളികള്‍ കുഴങ്ങും!

ദേശീയ പാര്‍ട്ടികളെ തറപറ്റിച്ച് മൂന്നാം വട്ടവും ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ കാലുറപ്പിച്ച് എഴുന്നേറ്റ് നില്‍ക്കുന്നു. സൗജന്യ വെള്ളവും, വൈദ്യുതിയും, ബസ് യാത്രയും ഒക്കെയാണ് കഴിഞ്ഞ ആപ്പ് സര്‍ക്കാരിനെ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടത് ആക്കിമാറ്റിയതെന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്നു. എന്നാല്‍ ഇനി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള 5 സുപ്രധാന പദ്ധതികള്‍ ഡല്‍ഹിയെ എല്ലാക്കാലത്തും ആപ്പിന് സ്വന്തമാക്കാന്‍ വഴിയൊരുക്കുന്നവയാണ്.

മുഖ്യമന്ത്രിയായി തന്റെ മൂന്നാം അങ്കത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് യാത്ര, റേഷന്‍ സാമഗ്രികള്‍ വീട്ടുപടിക്കല്‍ എത്തിച്ച് നല്‍കുന്ന പദ്ധതിയുമാണ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. വാഗ്ദാനങ്ങള്‍ വാഗ്ദാനം മാത്രമായി അവശേഷിക്കുന്നത് രാഷ്ട്രീയപാര്‍ട്ടികളുടെ ശീലമായ ഘട്ടത്തിലാണ് ആദ്യത്തെ നാല് മാസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും നടപ്പാക്കുന്ന ‘ദേശഭക്തി പാഠ്യപദ്ധതിയാണ്’ ഇതില്‍ ഒന്നാമത്തേത്ത്. പുതിയ പാഠ്യപദ്ധതി ദേശഭക്തിയുള്ള പൗരന്‍മാരെ സൃഷ്ടിക്കുമെന്ന് വ്യക്തമാക്കി 2019 സ്വാതന്ത്ര്യ ദിനത്തിലാണ് കെജ്രിവാള്‍ പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിലും ഇത് സ്ഥാനംപിടിച്ചു. സംഗതി ദേശീയത വിളമ്പുന്ന എതിരാളികള്‍ക്ക് പാരയാകുമെന്ന് ഉറപ്പാണ്.

റേഷന്‍ സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നതാണ് കെജ്രിവാളിന്റെ മറ്റൊരു സുപ്രധാന പദ്ധതി. റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി വീട്ടില്‍ എത്തിക്കും. നേരത്തെ ലഫ്റ്റനന്റ് ഗവര്‍ണരും, മറ്റ് ഉദ്യോഗസ്ഥവൃന്ദവും ഉടക്ക് വച്ച പദ്ധതിക്ക് ഇപ്പോള്‍ എല്ലാ അംഗീകാരങ്ങളും ലഭിച്ചുകഴിഞ്ഞു.

ഡല്‍ഹിക്കാരെ കുഴപ്പിക്കുന്ന വായുമലിനീകരണം തടയാനുള്ള നടപടികളാണ് മറ്റൊന്ന്. വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് വായുമലിനീകരണത്തിന് ഇടയാക്കുന്ന കേന്ദ്രങ്ങള്‍ തിരിച്ചറിയുന്ന പദ്ധതി ഏപ്രില്‍ മാസത്തില്‍ തുടങ്ങും. ഇന്ത്യാ ഗേറ്റിന് സമീപം വായുവിന്റെ ഗുണമേന്മ നിരീക്ഷിക്കാനുള്ള സംവിധാനം തയ്യാറാക്കിയിട്ടുണ്ട്.

എഎപിയുടെ സൗജന്യ ബസ് യാത്രാ സൗകര്യം വിദ്യാര്‍ത്ഥികള്‍ക്കും വ്യാപിപ്പിക്കുകയാണ് കെജ്രിവാളിന്റെ മറ്റൊരു പ്രഖ്യാപനം. ഒക്ടോബര്‍ മുതലാണ് സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സൗജന്യ ബസ് യാത്ര അനുവദിച്ചത്. മൂന്ന് മാസത്തിനകം വിദ്യാര്‍ത്ഥികള്‍ക്കും ഈ സ്‌കീമില്‍ പ്രവേശനം നല്‍കാനാണ് നീക്കം.

ഡല്‍ഹി വികസനത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ തേടിയാണ് കെജ്രിവാള്‍ സത്യപ്രതിജ്ഞയില്‍ സംസാരിച്ചത്. ഇതിന് പുറമെ ഡല്‍ഹി പോലീസുമായി ചേര്‍ന്ന് നഗരത്തിലെ ട്രാഫിക് തലവേദനകള്‍ ചുരുക്കാനാണ് മറ്റൊരു ശ്രമം. യമുനാ നദീതീരം വികസനത്തിന് ലഭ്യമാക്കാന്‍ കേന്ദ്ര പിന്തുണ ആവശ്യമായി വരും.

Top