അത്യാഹിത വിഭാഗത്തിലെ എസി പ്രവര്‍ത്തനരഹിതമായി ; കാണ്‍പൂരില്‍ അഞ്ച്‌ രോഗികള്‍ മരിച്ചു

icu

കാണ്‍പൂര്‍: അത്യാഹിത വിഭാഗത്തിലെ എ സി പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് കാണ്‍പൂരിലെ ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളേജില്‍ അഞ്ച്‌ രോഗികള്‍ മരിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയുമായിട്ടാണ് രോഗികള്‍ മരിച്ചത്.

അഞ്ച്‌പേര്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലുണ്ടായിരുന്ന മറ്റ് രോഗികളെ സമീപത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ ആശുപത്രി അധികൃതര്‍ക്കെതിരേ ഗുരുതര ആരോപണവുമായി മരിച്ചവരുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

എസി പ്രവര്‍ത്തിക്കുന്നില്ലെന്ന് ആശുപത്രി ജീവനക്കാരെ അറിയിക്കുകയും ഫാന്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ആശുപത്രി ജീവനക്കാര്‍ ഇതിന് തയാറായില്ലെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

എ സി പ്രവര്‍ത്തന രഹിതമാണെന്നുള്ളത് സത്യമാണെന്നും എന്നാല്‍ രോഗികള്‍ മരിച്ചത് അതുകൊണ്ടല്ലെന്നും അത്യാഹിത വിഭാഗത്തിന്റെ ചുമതലയുള്ള ഡോക്ടര്‍ സൗരഭ് അഗര്‍വാള്‍ പറഞ്ഞു.

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തന സജ്ജമാകുന്നത് വരെ അടിയന്തരമായി രണ്ട് എസികള്‍ സ്ഥാപിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് സുരേന്ദ്ര സിങ് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. കൂടാതെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Top