വാട്ട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കി; അഞ്ചംഗ സംഘത്തിന്റെ മര്‍ദ്ദനത്തില്‍ അഡ്മിന്റെ നാവ് അറ്റുപോയി

മുംബൈ: വാട്സ്ആപ്പ് ​ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കിയതിന് ​ഗ്രൂപ്പ് അഡ്മിനായ യുവാവിനെ ക്രൂരമായി മർദ്ദിച്ച് അഞ്ച് പേരുടെ പ്രതികാരം. മർദ്ദനത്തിന് പിന്നാലെ യുവാവിന്റെ നാവും സംഘം മുറിച്ചു. ഇക്കഴിഞ്ഞ ഡിസംബർ 28ന് പുനെയിലെ ഫുർസുങ്കി പ്രദേശത്താണ് ഞെട്ടിക്കുന്ന ക്രൂരത.

ഓം ഹൈറ്റ്‌സ് ഹൗസിങ് സൊസൈറ്റിയിലെ അഞ്ച് പേർക്കെതിരെയാണ് ഹദാപ്‌സർ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചത്. ഹൗസിങ് സൊസൈറ്റി ചെയർപേഴ്സണായ 38കാരിയാണ് പരാതി നൽകിയതെന്ന് പൊലീസ് വ്യക്തമാക്കി. അഞ്ച് പേർക്കെതിരെയും കേസെടുത്തെന്നും പൊലീസ് പറഞ്ഞു.

പരാതിക്കാരിയുടെ ഭർത്താവ് അഡ്മിനായി ‘ഓം ഹൈറ്റ്‌സ് ഓപ്പറേഷൻ’ എന്ന പേരിൽ ഹൗസിങ് സൊസൈറ്റിയിലെ താമസക്കാർക്കിടയിൽ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ട്. അടുത്തിടെ പ്രതികളിലൊരാളെ ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കി. ഇതിൽ ക്ഷുഭിതനായ ഇയാൾ, എന്തിനാണ് തന്നെ ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തതെന്ന് ചോദിച്ച് പരാതിക്കാരിയുടെ ഭർത്താവിന് വാട്‌സ്ആപ്പിൽ സന്ദേശമയച്ചു. എന്നാൽ, മറുപടി നൽകിയില്ല. തുടർന്ന് കാണണമെന്ന് പറഞ്ഞ് പ്രതി ഫോൺ വിളിച്ചു.

പരാതിക്കാരിയും ഭർത്താവും ഓഫീസിൽ ഇരിക്കെ പ്രതികൾ അഞ്ച് പേരും കൂടി ഓഫീസിലെത്തി. റാൻഡം മെസേജുകൾ അയച്ചതിനാലാണ് പുറത്താക്കിയതെന്ന് പരാതിക്കാരിയുടെ ഭർത്താവ് പറഞ്ഞെങ്കിലും അഞ്ച് പേരും ചേർന്ന് മർദിക്കുകയായിരുന്നു. പിന്നാലെയാണ് നാവ് മുറിച്ചത്. യുവാവിനു ഗുരുതരമായി പരിക്കേറ്റെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Top