പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരെ ഇടുക്കിയിൽ പ്രകടനം നടത്തിയ 5 പേർ കൂടി കീഴടങ്ങി

ഇടുക്കി: പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരെ ഇടുക്കിയിൽ പ്രകടനം നടത്തിവരിൽ അഞ്ച് പേർ കൂടി പേർ കീഴടങ്ങി. ബാലൻപിള്ള സിറ്റിയിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്തവരാരാണ് കീഴടങ്ങിയത്. രാമക്കൽമേട് സ്വദേശികളായ വെള്ളറയിൽ അജ്മൽ ഖാൻ, ഇളംപുരയിടത്തിൽ അൻഷാദ്, വെച്ചിക്കുന്നേൽ അജ്മൽ, രാമക്കൽമേട് ഇടത്തറമുക്ക് ഷാജഹാൻ, മകൻ അമീൻ എന്നിവരാണ് കട്ടപ്പന ഡിവൈഎസ്പി ക്കു മുന്നിൽ കീഴടങ്ങിയത്. രാമക്കൽമേട് ഇടത്തറമുക്ക് ഓണമ്പള്ളിൽ ഷെമീർ, ബാലൻ പിള്ള സിറ്റി വടക്കേത്താഴെ അമീർഷാ വി എസ് എന്നിവർ നേരത്തെ കീഴടങ്ങിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേർക്കെതിരെ യുഎപിഎ അടക്കം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. സെപറ്റംബർ 28 ന് രാവിലെ ആയിരുന്നു സംഭവം. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് പിന്നാലെ ദേശീയ-സംസ്ഥാന നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. എൻഐഎ രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനായിരുന്നു രാജ്യത്ത് നടന്നത്. 150ലധികം പോപ്പുലർ ഫ്രണ്ട് നേതാക്കളെയാണ് 11 സംസ്ഥാനങ്ങളില്‍ നിന്നായി എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താല്‍.

അതേസമയം പോപ്പുലർ ഫ്രണ്ട് ഹർത്താലില്‍ പൊതുമുതൽ നഷ്ടം 86 ലക്ഷം രൂപയുടേതെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. സ്വകാര്യ വ്യക്തികൾക്കുണ്ടായ നഷ്ടം 16 ലക്ഷത്തോളം രൂപയുടേതാണ്. പൊതുമുതലിനുണ്ടായ നഷ്ടംഹർത്താൽ പ്രഖ്യാപിച്ചവരിൽ നിന്ന് ഈടാക്കുന്നതിനുളള നടപടി തുടങ്ങിയെന്നും സർക്കാർ അറിയിച്ചു. മുൻ ജില്ലാ ജഡ്ജി പി ഡി ശാരങ്കധരനെ ക്ലെയിംസ് കമ്മീഷണറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

Top