ബംഗാള്‍ ഉള്‍ക്കടല്‍ ന്യൂനമര്‍ദ്ദ സാധ്യത; സംസ്ഥാനത്ത് വരുന്ന 5 ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 5 ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കര്‍ണാടക്ക് മുകളില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്തിന് മുകളില്‍ മറ്റൊരു ചക്രവാതചുഴിയും രൂപപ്പെട്ടു. ബംഗാള്‍ ഉള്‍ക്കടല്‍ ന്യൂനമര്‍ദ്ദ സാധ്യതയും ഉള്ളതിനാല്‍ സെപ്റ്റംബര്‍ 29 ഓടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ മ്യാന്മാര്‍ തീരത്തിന് സമീപം ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അടുത്തുള്ള 24 മണിക്കൂറിനുള്ളില്‍ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു കടലിനു മുകളില്‍ മ്യാന്മാര്‍ തീരത്തിന് സമീപം ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ ഇടത്തരം മഴയുണ്ടാകുമെന്നാണ് പ്രവചനം. ഇടി മിന്നലോടുകൂടിയ മഴ തുടരാനാണ് സാധ്യത. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 1 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും മഴ ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ള മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Top