5 letters sent by Smriti Irani’s Education Ministry to Hyderabad Central University

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ദളിത് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് ആധാരമായ പുറത്താക്കല്‍ നടപടിയ്ക്ക് പിന്നില്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം അയച്ചത് അഞ്ച് കത്തുകള്‍.

കേന്ദ്ര തൊഴില്‍ സഹമന്ത്രിയും സെക്കന്തരാബാദ് എം.പിയുമായ ബന്ധാരു ദത്താത്രേയയുടെ ആവശ്യപ്രകാരമായിരുന്നു കത്തുകളെല്ലാം. എബിവിപിയ്‌ക്കെതിരെ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ നടത്തിയെന്ന് പറയുന്ന അക്രമത്തെക്കുറിച്ച് അന്വേഷിയ്ക്കാനും ദത്താത്രേയയുടെ ആവശ്യം പരിഗണിയ്ക്കാനും മാനവവിഭവശേഷി മന്ത്രാലയം കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

സെപ്റ്റംബര്‍ 3, 24, ഒക്‌ടോബര്‍ 6, 20, നവംബര്‍ 19 തീയതികളിലായാണ് കത്തയച്ചത്. ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അണ്ടര്‍ സെക്രട്ടറി എന്നിവരാണ് കത്തയച്ചത്. പിന്നീട് നടപടിയെപ്പറ്റി വിശദീകരണം ചോദിച്ച് ഇ മെയിലും അയച്ചു.

എല്ലാത്തിലും ദത്താത്രേയയുടെ പരാതിയെ പറ്റി പറയുന്നു. സര്‍വകലാശാലയുടെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായിട്ടില്ലെന്ന് അവസാന കത്തുകളില്‍ സൂചിപ്പിയ്ക്കുന്നു. ഡിസംബര്‍ 21നാണ് ക്യാമ്പസിലെ പൊതുകേന്ദ്രങ്ങളില്‍ രോഹിതിനും സുഹൃത്തുക്കള്‍ക്കും വിലക്കേര്‍പ്പെടുത്തിയത്.

അതേസമയം വിഷയത്തില്‍ മന്ത്രാലയം സമ്മര്‍ദ്ദം ചെലുത്തിയതായുള്ള ആരോപണം സ്മൃതി ഇറാനി തള്ളി. നിയമപ്രകാരം സര്‍വകലാശാലയ്ക്കാണ് ഭരണപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരമെന്നും കേന്ദ്രസര്‍ക്കാരിനല്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

ബന്ധാരു ദത്താത്രേയയും മാനവവിഭവശേഷി മന്ത്രാലയവും അയച്ച കത്തുകളാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരായ അന്യായ നടപടിയ്ക്ക് പിന്നിലെന്നാണ് രോഹിതിന്റെ സുഹൃത്തുക്കളടക്കമുള്ള സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ ആരോപണം. തീവ്രവാദികളെന്നും ദേശവിരുദ്ധരെന്നുമാണ് കത്തില്‍ വിദ്യാര്‍ത്ഥികളെ ദത്താത്രേയ വിശേഷിപ്പിച്ചിരിയ്ക്കുന്നത്.

Top