മുഹമ്മദ് റസാന്റെ കുടുംബത്തിന് അഞ്ച് ലക്ഷം ധനസഹായം അനുവദിച്ചു

തിരുവനന്തപുരം: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണപ്പെട്ട മലപ്പുറം ചേലമ്പ്ര സ്വദേശി മുഹമ്മദ് റസാന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

അഡ്വ. ശ്രീജ തുളസിയെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിക്കും. കെഎടിയില്‍ ഒഴിവുള്ള മൂന്ന് ഗവണ്‍മെന്റ് പ്ലീഡര്‍ തസ്തികകളിലേക്ക് അഡ്വ. രാഹുല്‍ എംബി, അഡ്വ. പ്രവീണ്‍ സി പി, അഡ്വ. അജിത് മോഹന്‍ എം.ജെ എന്നിവരെ നിയമിക്കും. എറണാകുളം ജില്ലാ ഗവ.പ്ലീഡര്‍ & പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തസ്തികയില്‍ മനോജ് ജി കൃഷണനെ പുനര്‍നിയമിക്കും.

മത്സ്യഫെഡ് മാനേജിങ് ഡയറക്ടറായി ഡോ. പി സഹദേവന് രണ്ട് വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കാന്‍ തീരുമാനിച്ചു. കെ പി ശശികുമാറിനെ കാംകോയില്‍ മാനേജിങ് ഡയറക്ടറായി നിയമിക്കും.

ഇടുക്കി ജില്ലയിലെ ദേവികുളം ഭൂമി പതിവ് ഓഫീസ് 2012 ഏപ്രില്‍ 1 മുതല്‍ 2022 സെപ്റ്റംബര്‍ 30 വരെ തുടര്‍ച്ചാനുമതി കൂടാതെ പ്രവര്‍ത്തിച്ച നടപടിയും 10 താത്കാലിക തസ്തികകളിലെ ജീവനക്കാര്‍ക്ക് ഈ കാലയളവില്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ച നടപടിയും സാധൂകരിച്ചു.

ദേവികുളം ഭൂമി പതിവ് ഓഫീസിലെ 10 താത്കാലിക തസ്തികയ്ക്ക് 2023 മാര്‍ച്ച് 31 പ്രാബല്യത്തില്‍ ഓഫീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണം എന്ന വ്യവസ്ഥയില്‍ 2022 ഒക്ടോബര്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെ തുടര്‍ച്ചാനുമതി നല്‍കും.

പീരുമേട് ഭൂമി പതിവ് ഓഫീസിലെ 19 താല്കാലിക തസ്തികകള്‍ക്ക്, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ -1, ഡെപ്യൂട്ടി തഹസില്‍ദാര്‍ – 1, സീനിയര്‍ ക്ലര്‍ക്ക്/എസ്.വി.ഒ. – 3, ജൂനിയര്‍ ക്ലര്‍ക്ക് /വി.എ. -2, ടൈപ്പിസ്റ്റ് -1, പ്യൂണ്‍ 1, എന്നീ 9 താല്‍ക്കാലിക തസ്തികകളില്‍ ജോലി ക്രമീകരണ വ്യവസ്ഥയിലായിരിക്കണം നിയമനം നടത്തേണ്ടത് എന്ന വ്യവസ്ഥയില്‍ 2023 ഏപ്രില്‍ 1 മുതല്‍ 2024 മാര്‍ച്ച് 31 വരെ തുടര്‍ച്ചാനുമതി നല്‍കും.2023 ഓണം വാരാഘോഷത്തിന്റെ വിജയകരമായ നടത്തിപ്പിന് നിര്‍ദ്ദേശങ്ങളും ഭരണാനുമതിയും നല്‍കി പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിച്ചു.

Top