കാട്ടാന ആക്രമണത്തിൽ മരിച്ച വത്സലയുടെ കുടുംബത്തിന് 5 ലക്ഷം നഷ്ടപരിഹാരം നല്‍കും

വാച്ചുമരം കോളനിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച വത്സലയുടെ കുടുംബത്തിന് 5 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം. മരണാനന്തര ചടങ്ങിന്റെ ചിലവ് വനസംരക്ഷണ സമിതി വഹിക്കും. ചെക്ക് ചാലക്കുടി ഡിഎഫ്ഒ നാളെ കുടുംബത്തിന് കൈമാറും. നഷ്ടപരിഹാരം പ്രഖ്യാപിച്ചതോടെ ചാലക്കുടിയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. വാച്ചുമരം കോളനിയില്‍ ഊരുമൂപ്പന്‍ രാജന്റെ ഭാര്യ വല്‍സലയാണ് മരിച്ചത്. കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു വത്സല. അപ്പോഴാണ് കാട്ടാന ആക്രമിച്ചത്.

കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം തുടരുകയാണ്. കാട്ടുപോത്ത് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ അവറാച്ചനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഡാം സൈറ്റ് റോഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. സംസ്ഥാനത്ത് പലയിടങ്ങളിലും വന്യമൃഗ ആക്രമണങ്ങള്‍ രൂക്ഷമാണ്. കഴിഞ്ഞ ദിവസം ഇടുക്കി നേര്യമംഗലത്ത് ഇന്ദിര എന്ന സ്ത്രീയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു.

Top