രാജ്യത്ത് ഓരോ മണിക്കൂറിലും ആക്രമിക്കപ്പെടുന്നത് 49 സ്ത്രീകൾ; എൻസിആർബി റിപ്പോർട്ട്

ഡൽഹി: രാജ്യത്ത് പ്രതിദിനം ശരാശരി 86 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ട്. 2021ൽ ഇന്ത്യയിൽ 31,677 ബലാത്സംഗ കേസുകളാണ് രജിസ്റ്റർ ചെയ്‌തെന്നും ഓരോ മണിക്കൂറിലും സ്ത്രീകൾക്കെതിരെ 49 കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്നും രാജ്യത്തെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ സർക്കാർ റിപ്പോർട്ട് പറയുന്നു.

2020ൽ ബലാത്സംഗക്കേസുകളുടെ എണ്ണം 28,046 ഉം 2019-ൽ 32,033 ആയിരുന്നുവെന്ന് എൻസിആർബിയുടെ ‘ക്രൈം ഇൻ ഇന്ത്യ 2021’ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2021ൽ രാജ്യത്ത് ഏറ്റവുമധികം ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്തത് രാജസ്ഥാനിലാണ്. 2020നെ അപേക്ഷിച്ച് കേസുകളിൽ 19 ശതമാനത്തിലധികം വർധനവാണ് രാജസ്ഥാനിലുണ്ടായിരിക്കുന്നത്. കഴിഞ്ഞവർഷം മാത്രം 6,337 കേസുകളാണ് ഈ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൊട്ടുപിന്നിൽ മധ്യപ്രദേശാണ്. 2,947 കേസുകളാണ് മധ്യപ്രദേശിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത്.

മഹാരാഷ്ട്ര (2,496), ഉത്തർപ്രദേശ് (2,845), ഡൽഹിയിൽ 1,250 ബലാത്സംഗ കേസുകളും 2021ൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2021ൽ രാജ്യത്തുടനീളം ‘സ്ത്രീകൾക്കെതിരായ 4,28,278 കുറ്റകൃത്യങ്ങളാണ് രജിസ്റ്റർ ചെയ്തത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം 2020-ൽ 3,71,503 ഉം 2019-ൽ 4,05,326 ഉം ആയിരുന്നു.

 

Top