ന്യൂസിലൻഡ‍് വെടിവെയ്പ് : കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരനും, പ്രതി റിമാന്‍ഡില്‍

ക്രൈസ്റ്റ്ചര്‍ച്ച് : ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ മുസ്ലീം പള്ളികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ ഇന്ത്യക്കാരനും. ഗുജറാത്ത് സ്വദേശിയായ മുഹമ്മദ് ജുനൈദ് ഖാര (34) ആണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. പരിക്കേറ്റവര്‍ തെലങ്കാന സ്വദേശികളാണെന്നാണ് സൂചന.

അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കാണാതായ ഇന്ത്യക്കാരെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ക്കായി ന്യൂസീലാന്‍ഡ് അധികൃതരുമായി ആശയവിനിമയം നടത്തിവരുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. അതേസമയം ഭീകരാക്രമണത്തിലെ മുഖ്യപ്രതി ബ്രെന്റണ്‍ ടാരന്റിനെ ഏപ്രില്‍ 5 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആസ്ട്രേലിയന്‍ പൗരനാണ് ഇരുപത്തെട്ടുകാരനായ ബ്രെന്റണ്‍ ടാരന്റ്. ഇയാളെ കൂടാതെ രണ്ട് പേര്‍ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. വംശീയ വിദ്വേഷമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഭീകരാക്രമണം നടന്നത്തിയ അക്രമിക്ക് തോക്ക് കൈവശം വയ്ക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. തോക്ക് കൈവശം വയ്ക്കുന്നതിനുള്ള നിയമത്തില്‍ മാറ്റം വരുത്തുമെന്ന് പ്രധാനമന്ത്രി ജസീന്‍ഡ അര്‍ഡന്‍ പറഞ്ഞു. ബ്രെന്റണ്‍ ടാരന്റിന് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് കിട്ടിയിട്ടുണ്ടെന്നും ജസീന്ത അറാന്‍ഡ പറഞ്ഞു.

ഭീകരാക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. ലോകത്തെ ഞെട്ടിച്ച ആക്രമണം അക്രമി സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തു. ഒരു തോക്കിന്റെ മുനയില്‍ നിരവധി പേര്‍ മരിച്ചു വീഴുന്ന ദൃശ്യങ്ങളാണ് അക്രമി തത്സമയം പുറത്തുവിട്ടത്.

അതിവേഗത്തില്‍ കാറോടിച്ച് ക്രൈസ്റ്റ് ചര്‍ച്ചിലെ മസ്ജിദുന്നൂറിലേക്ക് വരികയായിരുന്നു. തോക്കിലെ വെടിയുണ്ട തീര്‍ന്നതോടെ വീണ്ടു കാറിനടുത്തേക്ക് എത്തി മറ്റൊരു തോക്കുമായി ആക്രണണം തുടര്‍ന്നു. വഴിയില്‍ കണ്ട ഒരു പെണ്‍കുട്ടിക്ക് നേരെയും ആക്രമി നിറയൊഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Top