ഇന്ന് അര്‍ദ്ധരാത്രി മുതല്‍ രാജ്യത്ത് 48 മണിക്കൂര്‍ ദേശീയ പണിമുടക്ക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും.

റയില്‍വെ, ബാങ്ക്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, ഓട്ടോ – ടാക്‌സി തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കും. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് അഹ്വാനം ചെയ്തത്.

വര്‍ഷം ഒരു കോടി തൊഴിലവസരമെന്ന വാഗ്ദാനം മോദിയുടെ കേന്ദ്ര സര്‍ക്കാര്‍ പാലിച്ചില്ല, ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വന്നതു മൂലം തൊഴില്‍ നഷ്ടം രൂക്ഷമാക്കി. ജിഎസ്ടി മൂലമുള്ള വിലക്കയറ്റം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. കാര്‍ഷിക വായ്പ എഴുതി തള്ളുമെന്നതടക്കമുള്ള ആവശ്യങ്ങളുമായി 48 മണിക്കൂര്‍ ഗ്രാമീണ്‍ ഭാരത് ബന്ദിന് കിസാന്‍ സഭയും ആഹ്വാനം ചെയ്തിട്ടുണ്ട്.

കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളും, ഓട്ടോ – ടാക്‌സി സര്‍വ്വീസുകളും നിലയ്ക്കും. റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖം തുടങ്ങിയ പൊതുഗതാഗത മേഖലകളും പണിമുടക്കിന്റെ ഭാഗമാകും. ആശുപത്രികളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കിംഗ്, ഇന്‍ഷൂറന്‍സ് മേഖല, അസംഘടിത മേഖലയിലെ വിവിധ തൊഴിലിടങ്ങള്‍ എന്നിവയും ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കും.

പാല്‍, പത്രം എന്നിവയ്‌ക്കൊപ്പം വിനോദസഞ്ചാരികളെയും ശബരിമല തീര്‍ത്ഥാടകരെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ടൂറിസ്റ്റുകള്‍ എത്തുന്ന വാഹനങ്ങള്‍ തടയുകയോ താമസിക്കുന്ന ഹോട്ടലുകള്‍ അടപ്പിക്കുകയോ ചെയ്യില്ല. പണിമുടക്ക് ദിനം കടകള്‍ തുറക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കമുളള സംഘടനകളുടെ തീരുമാനം.

Top