ആയുധം കൈവശം വച്ച അഞ്ചു പേരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മണിപ്പൂരില്‍ 48 മണിക്കൂര്‍ ബന്ദ്

ഇംഫാല്‍: മണിപ്പൂരില്‍ 48 മണിക്കൂര്‍ ബന്ദ്. ആയുധം കൈവശം വച്ചതിന് അഞ്ചു പേരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബന്ദ്. അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മെയ്തി സ്ത്രീകളുടെ കൂട്ടായ്മയായ മീരാ പൈബിയും അഞ്ച് പ്രാദേശിക ക്ലബ്ബുകളുമാണ് ബന്ദ് പ്രഖ്യാപിച്ചത്. ബന്ദിനെ തുടര്‍ന്ന് ജനജീവിതം സ്തംഭിച്ചു.

ഇംഫാലിലെ കടകമ്പോളങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ സപ്ലിമെന്ററി പരീക്ഷ മാറ്റിവച്ചു. മറ്റൊരു ദിവസം പരീക്ഷ നടത്തും. കിഴക്കന്‍ ഇംഫാല്‍ ജില്ലയിലെ ഖുറായി, കോങ്ബ, കക്വ, ബിഷ്ണുപൂര്‍ ജില്ലയിലെ നമ്പോള്‍, തൗബാല്‍ ജില്ലയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മീരാ പൈബിയിലെ സ്ത്രീകള്‍ റോഡ് ഉപരോധിച്ചു.

തോക്കുകളും സ്പോര്‍ട്സ് യൂണിഫോമുകളും കൈവശം വച്ചതിനാണ് അഞ്ച് യുവാക്കള്‍ അറസ്റ്റിലായത്. ശനിയാഴ്ച യുവാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ പോറമ്പാട്ട് പോലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏതാനും പ്രതിഷേധക്കാര്‍ക്കും ആര്‍എഎഫ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ സുരക്ഷാ സേന കണ്ണീര്‍ വാതകവും ഷെല്ലുകളും പ്രയോഗിച്ചു. ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അഞ്ചു പേരേയും പൊലീസ് കസ്റ്റഡിയില്‍ വിട്ടെന്ന് പൊലീസ് അറിയിച്ചു.

Top