എസ്‌ഐ നിയമനം; പിഎസ്‌സി പട്ടിക സുപ്രീംകോടതി ശരിവച്ചു

ന്യൂഡല്‍ഹി: എസ് ഐ നിയമനത്തില്‍ പിഎസ്‌സി പട്ടിക സുപ്രീംകോടതി ശരിവച്ചു. ലിസ്റ്റ് അസാധുവാക്കിയ ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി നിലവിലുള്ള ലിസ്റ്റില്‍ നിന്നും നിയനം തുടരാമെന്നും അറിയിച്ചു.

സംവരണതത്വങ്ങള്‍ അട്ടിമറിച്ചെന്ന പേരിലാണ് 2007 ലെ ലിസറ്റ് ഹൈക്കോടതി അസാധുവാക്കിയത്. 838 പേരുടെ പട്ടികയായിരുന്നു പ്രസിദ്ധീകരിച്ചത്.

എസ്‌ഐ നിയമനത്തിനായി പിഎസ്‌സി തയ്യാറാക്കിയ ഏകീകൃത റാങ്ക് ലിസ്റ്റ് റദ്ദാക്കിക്കൊണ്ടുള്ള കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി ശരിവെച്ചിരുന്നു.

48 മാര്‍ക്ക് കട്ട് ഓഫ് നിശ്ചയിച്ചാണ് പിഎസ് സി റാങ്ക് ലിസ്റ്റ് നിശ്ചയിച്ചത്. സംവരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി പിന്നീട് ഈ കട്ട് ഓഫ് മാര്‍ക്കില്‍ കുറവ് വരുത്തി. എന്നാല്‍ കട്ട് ഓഫ് മാര്‍ക്കിന് മുകളിലുള്ളവരെ ഉള്‍പ്പെടുത്തി മെയിന്‍ പട്ടികയും അതില്‍ കുറവ് മാര്‍ക്കുള്ള അര്‍ഹരായവരെ ഉള്‍പ്പെടുത്തി സപ്ലിമെന്ററി പട്ടികയും തയ്യാറാക്കേണ്ടതിന് പകരം പിഎസ് സി എല്ലാവരേയും ഉള്‍പ്പെടുത്തി ഒറ്റപ്പട്ടികയാണ് പ്രസിദ്ധീകരിച്ചത്.

ഇതോടെ സംവരണ ആനുകൂല്യമുള്ള,കട്ട് ഓഫ് മാര്‍ക്കില്‍ താഴെ ലഭിച്ച 267പേര്‍ അനധികൃതമായി മുഖ്യ ലിസ്റ്റില്‍ ഉള്‍പ്പെട്ടു. ഇതോടെ സംവരണ മാനദണ്ഡങ്ങളെല്ലാം ചേര്‍ത്ത് തയ്യാറാക്കിയ ഏകീകൃത റാങ്ക് പട്ടികയില്‍ ഉയര്‍ന്ന മാര്‍ക്ക് കിട്ടിയവര്‍ പിന്നോക്കംപോവുകയും മാര്‍ക്ക് കുറഞ്ഞവര്‍ പട്ടികയില്‍ മുകളിലെത്തുകയും ചെയ്തിരുന്നു..

Top