സര്‍ക്കാരിന് ഒളിക്കാനൊന്നുമില്ലെങ്കില്‍… സ്വാമിജിയുടെ മരണം ഇവര്‍ അന്വേഷിക്കട്ടെ

പതിമൂന്ന് വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍ മുന്‍നിര്‍ത്തി പുനരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകണം.

സംസ്ഥാന പോലീസില്‍ സത്യസന്ധരെന്ന് പേരെടുത്ത, ജനവിശ്വാസം ആര്‍ജ്ജിച്ച ഐപിഎസ്‌കാരെയായിരിക്കണം അന്വേഷണ ചുമതല ഏല്‍പ്പിക്കേണ്ടത്.

ആരോപണവിധേയരായവര്‍ കേന്ദ്രസര്‍ക്കാരുമായി അടുപ്പമുള്ളവരായതിനാല്‍ സത്യം എന്തുതന്നെയായാലും അത് സംശയാതീതമായി പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ സിബിഐ അന്വേഷണത്തിന് സാധിക്കുമെന്ന് കരുതാന്‍ വയ്യ.

സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവി അനന്ദകൃഷ്ണനെ മാറ്റി നിര്‍ത്തിയാല്‍ ക്രൈംബ്രാഞ്ചിലെ തന്നെ മറ്റുചില ഉദ്യോഗസ്ഥര്‍ക്ക് ഈ ‘അവിശുദ്ധ ബന്ധം’ ഉണ്ടെന്നതും പരസ്യമായ രഹസ്യമാണ്.

ഈ ഒരു സാഹചര്യത്തില്‍ പൊതുവെ കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥരായ ജേക്കബ് തോമസിന്റെയോ ഋഷിരാജ് സിങ്ങിന്റെയോ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമുണ്ടാക്കി പുനരന്വേഷണം നടത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

ശിവഗിരി മഠാധിപതി പ്രകാശാനന്ദ സ്വാമിയും മരണപ്പെട്ട ശാശ്വതീകാനന്ദയുടെ സഹോദരിയും പുനരന്വേഷണം ആവശ്യപ്പെട്ടതിനാല്‍ ഇക്കാര്യത്തില്‍ സാങ്കേതിക വാദങ്ങള്‍ നിരത്തി പുനരന്വേഷണത്തെ നിരുത്സാഹപ്പെടുത്തുന്ന നടപടി ആഭ്യന്തര വകുപ്പ് സ്വീകരിക്കരുത്.

ഒരു പൊതുയോഗത്തില്‍ ചില കാര്യങ്ങള്‍ പറഞ്ഞുപോയതിന് സിപിഎം നേതാവ് എംഎം മണിയെ പ്രതിയാക്കാന്‍ പഴയ കേസ് ഫയല്‍ പൊടിതട്ടിയെടുത്തവര്‍ക്ക് ശാശ്വതീകാനന്ദയുടെ ദുരൂഹമരണം സംബന്ധിച്ച പുനരന്വേഷണ ആവശ്യത്തെ തിരസ്‌ക്കരിക്കാന്‍ ധാര്‍മ്മികമായി അവകാശമില്ല.

ഇനി നിങ്ങള്‍ അങ്ങനെതന്നെ ചെയ്യുകയാണെങ്കില്‍ അതിനു പിന്നിലെ ‘താല്‍പര്യം’ തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നുകൂടി ഓര്‍ക്കുന്നത് നല്ലതാണ്.

പുതുതായി വല്ല വിവരങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിക്കാമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മുന്‍ പ്രതികരണവും അത്ര സുഖകരമല്ല.

താനും മുഖ്യമന്ത്രിയുമല്ല കേസന്വേഷിച്ച ക്രൈംബ്രാഞ്ചാണ് കാര്യങ്ങള്‍ തീരുമാനിക്കുക എന്ന് പറഞ്ഞ പോലീസ് മന്ത്രി ബാര്‍ കോഴക്കേസ് എങ്ങനെയാണ് ‘പരിസമാപ്തി’യിലെത്തിയതെന്ന് ജനങ്ങള്‍ക്കറിയാമെന്ന കാര്യം മറക്കരുത്.

വിജിലന്‍സ് കൂട്ടിലിട്ട തത്തയല്ലെന്ന് പറഞ്ഞ മന്ത്രി കൂട്ടില്‍നിന്ന് ജേക്കബ് തോമസിനെ എന്തിനാണ് ഓടിച്ച് വിട്ടതെന്ന് വ്യക്തമാക്കണം.

സര്‍ക്കാരിന്റെയും വകുപ്പ് മന്ത്രിയുടെയും താല്‍പര്യങ്ങള്‍ക്ക് മുന്നില്‍ നിയമങ്ങളും കീഴ്‌വഴക്കങ്ങളും വഴിമാറുന്ന കാഴ്ച എന്തായാലും ശാശ്വതീകാനന്ദയുടെ കാര്യത്തില്‍ അനുവദിച്ചുകൂടാ.

ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് കണ്ടെത്തിയ ‘ന്യായീകരണ’ങ്ങളില്‍ പലതും യുക്തിക്ക് നിരക്കുന്നതല്ല.

സാധാരണ ഒരു ദുരൂഹമരണമുണ്ടായാല്‍ ആ മരണം കൊണ്ട് നേട്ടം ആര്‍ക്കാണ് എന്ന കാര്യം നോക്കിയാണ് പോലീസ് അന്വേഷണം പുരോഗമിക്കാറുള്ളത്. ശാശ്വതീകാനന്ദയുടെ കാര്യത്തില്‍ ഈ തരത്തിലുള്ള അന്വേഷണം കാര്യക്ഷമമായി നടന്നിട്ടില്ലെന്നത് വ്യക്തമാണ്.

ഇപ്പോള്‍ ബിജുരമേശ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ ക്രൈംബ്രാഞ്ച് നേരത്തെ പരിശോധിച്ചവയാണെന്ന് പറഞ്ഞ ആഭ്യന്തരമന്ത്രി കേസ് ഡയറിയിലെ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാവണം.

കേസുകള്‍ ഒതുക്കുന്നതിലും ‘ആടിനെ പട്ടിയാക്കുന്നതിലും’ പലവട്ടം കഴിവു തെളിയിച്ച ഉദ്യോഗസ്ഥരാല്‍ സമ്പന്നമായ കേരള പോലീസിലെ ഏത് ‘മിടുക്ക’നാണ് നേരത്തെ ഈ കേസ് അന്വേഷിച്ചതെന്നും ഈ ഉദ്യോഗസ്ഥന്റെ ട്രാക്ക് റിക്കാര്‍ഡും പരിശോധിക്കേണ്ട കാര്യമാണ്.

തന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്ന ബിജുരമേശിന്റെ വാദവും രേഖപ്പെടുത്തിയതാണെന്ന അന്നത്തെ അന്വേഷണ സംഘത്തിലെ എസ്.ഐയുടെ നിലപാടും കൂട്ടിവായിക്കുമ്പോള്‍ തന്നെ പൊരുത്തക്കേട് വ്യക്തമാണ്.

സ്വാമി ആലുവ പുഴയില്‍ മുങ്ങിമരിച്ചതാണെന്ന് പറയുന്ന അന്വേഷണ സംഘം തറയില്‍ തളംകെട്ടി കിടന്ന രക്തത്തെക്കുറിച്ചും തറഭിത്തിയിലെ ചോര പതിഞ്ഞ കൈപാടുകളെ സംബന്ധിച്ചും ഗൗരവകരമായ ഒരന്വേഷണവും നടത്തിയിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവാദങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്.

സ്വാമി കൊല്ലപ്പെട്ട ദിവസം കൊലയാളിയെന്ന് ഇപ്പോള്‍ ആരോപിക്കപ്പെടുന്ന പ്രിയന്‍ അദ്വൈദാശ്രമത്തില്‍ എത്തിയിരുന്നുവെന്നും പ്രവീണ്‍ എന്നയാളുടെ കാറിലാണ് വന്നതെന്നും ശാശ്വതീകാനന്ദയുടെ സഹോദരി ശാന്ത പ്രവീണിന്റെ പിതാവിനെ ഉദ്ധരിച്ച് പറഞ്ഞത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്.

ശാശ്വതീകാനന്ദയെ കൊന്നതാണോയെന്നോ, കൊല്ലിച്ചത് ആരെണെന്നോ ഇപ്പോള്‍ അനുമാനിക്കാന്‍ കഴിയില്ലെങ്കിലും ഒരു കാര്യം വിശ്വസിച്ചേ പറ്റൂ. സ്വാമിയുടെ മരണം എന്തായാലും സ്വാഭാവിക മരണമല്ല. അതിനു പിന്നില്‍ ചില ദുരൂഹതകളുണ്ട്.

ഈ ദുരൂഹതകള്‍ അഴിക്കാന്‍ പുനരന്വേഷണം അനിവാര്യമാണ്.

ദുബായില്‍വച്ച് ശാശ്വതീകാനന്ദയുമായി ബന്ധപ്പെട്ട് നടന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് മാവേലിക്കര സ്വദേശിയായ വ്യവസായി ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയതും ബിജു രമേശിന്റെ ആരോപണങ്ങളും ശാന്തയുടെ വെളിപ്പെടുത്തലും പരിശോധിക്കപ്പെടേണ്ടതു തന്നെയാണ്.

ആരോപണ വിധേയരായ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്ത സ്ഥിതിക്ക് പുനരന്വേഷണ കാര്യത്തില്‍ ആഭ്യന്തര മന്ത്രിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമേയില്ല.

ബിജുരമേശിന്റെ മൊഴി രേഖപ്പെടുത്തിയില്ലെങ്കില്‍, പ്രിയനെ ചോദ്യം ചെയ്തിട്ടില്ലെങ്കില്‍… അതുതന്നെ ധാരാളമാണ് ഈ കേസ് വീണ്ടും ഓപ്പണ്‍ ചെയ്യാന്‍.

വളരെ സെന്‍സിറ്റീവായ ഒരു കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പിയോട് തനിക്ക് ഗുരുതരമായ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് ബിജുരമേശ് പറഞ്ഞിട്ടും മൊഴി രേഖപ്പെടുത്താന്‍ എസ്.പി വരാതിരുന്നതും സംശയങ്ങള്‍ക്കിടനല്‍കുന്നതാണ്.

ശിവഗിരി മഠാധിപതി പ്രകാശാനന്ദ ചൂണ്ടിക്കാണിച്ചത് പോലെ ശാശ്വതീകാനന്ദയുടെ തലയില്‍ ചോരയൊലിച്ച മുറിപ്പാടും വായില്‍ നിന്നുവന്ന പാലുമെല്ലാം കൊലപാതക സാധ്യതക്ക് ബലമേകുന്നതാണ്.

അടിയൊഴുക്കില്‍പ്പെട്ട സ്വാമിയുടെ മൃതദേഹം മുങ്ങിയ സ്ഥലത്തുതന്നെ കാണപ്പെട്ടതും അത് ഒഴുകി പോവാതിരുന്നതെന്തെന്ന ചോദ്യവുമെല്ലാം അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്.

എന്നും നിഴല്‍പോലെ സ്വാമിയുടെ കൂടെ ഉണ്ടായിരുന്ന സാബു നുണപരിശോധനയ്‌ക്കെതിരെ വിധി സമ്പാദിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി സുപ്രീം കോടതിയില്‍ പോയതിന്റെ കാരണം പുറത്തുകൊണ്ടുവന്നാല്‍ തന്നെ ഇതുസംബന്ധമായ ദുരൂഹതയ്ക്ക് വിരാമമായേക്കും.

ശാശ്വതീകാനന്ദയുടെ ദുരൂഹ മരണം അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിശ്വാസ്യത നഷ്ടമായതിനാല്‍ പൊതുസമൂഹത്തിന്റെ വികാരം കൂടി കണക്കിലെടുത്ത് ഈ കേസിന്റെ പുനരന്വേഷണ ചുമതല ഡിജിപി ജേക്കബ് തോമസിനോ, എഡിജിപി ഋഷിരാജ് സിങ്ങിനോ കൈമാറാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്.

വിജിലന്‍സിലും ഫയര്‍ഫോഴ്‌സിലും ഇരുന്നപ്പോള്‍ മുഖംനോക്കാതെ നടപടി സ്വീകരിച്ച ജേക്കബ് തോമസും പ്രതികരിക്കുന്ന സമൂഹത്തിന്റെ ആവേശമായ ഋഷിരാജ് സിങ്ങും ഒരു സ്വാധീനത്തിന് മുന്നിലും മുട്ട് മടക്കില്ലെന്ന് ജനങ്ങള്‍ക്ക് വിശ്വാസമാണ്.

യാഥാര്‍ഥ്യം എന്ത് തന്നെയായാലും സത്യാവസ്ഥ പുറത്തുകൊണ്ടവരാനും പൊതു സമൂഹത്തിന്റെ സംശയം ദൂരികരിക്കാനും മാത്രമല്ല പൊലീസിന്റെ നഷ്ടമായ പ്രതിച്ഛായ തിരിച്ചുപിടിക്കാനും അത്തരമൊരന്വേഷണത്തിന് കഴിഞ്ഞേക്കും.

Team Expresskerala

Top