ഡല്‍ഹിയില്‍ 468 സ്വകാര്യ മദ്യശാലകള്‍ അടച്ചുപൂട്ടും; ഓഗസ്റ്റ് 1 മുതല്‍ പഴയ മദ്യനയം

ഡൽഹി: ഡല്‍ഹിയില്‍ ഓഗസ്റ്റ് 1 മുതല്‍ പഴയ മദ്യനയം നടപ്പിലാക്കും. അടുത്ത ആറ് മാസം ഡല്‍ഹിയില്‍ പഴയ മദ്യനയം തന്നെയാകും തുടരുക. ഓഗസ്റ്റ് 1 മുതല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്യശാലകള്‍ മാത്രമേ തുറന്നുപ്രവര്‍ത്തിക്കുകയുള്ളൂ. കേന്ദ്രവുമായി പുതിയ എക്‌സൈസ് തീരുവയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മദ്യനയം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.

പുതിയ എക്‌സൈസ് നയം പിന്‍വലിച്ച് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്യശാലകള്‍ തുറക്കാനാണ് തീരുമാനം. ആവശ്യമായ നടപടികള്‍ ചെയ്യാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ തീരുമാനത്തിന്റെ ഭാഗമായി 468 സ്വകാര്യ മദ്യശാലകള്‍ ഡല്‍ഹിയില്‍ തിങ്കളാഴ്ച മുതല്‍ അടച്ചുപൂട്ടും. മദ്യലഭ്യതയില്‍ ഈ നീക്കം ക്ഷാമമുണ്ടാക്കുമെന്നാണ് വിലയിരുത്തലെന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കി.

ഇ.ഡിയെയും സിബിഐയെയും ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളാണ് സര്‍ക്കാരിന്റെ പുതിയ മദ്യനയം പരാജയപ്പെടാന്‍ കാരണമായത്. ഡല്‍ഹിയില്‍ മദ്യലഭ്യത കുറയ്ക്കാനും ക്ഷാമമുണ്ടാക്കാനുമാണ് അവരുടെ നീക്കം. മനീഷ് സിസോദിയ പറഞ്ഞു.

ഗുജറാത്തിനെപ്പോലെ ഡല്‍ഹിയിലെ കടയുടമകളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തി വ്യാജ മദ്യത്തിന്റെ വില്‍പ്പന പ്രോത്സാഹിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സിസോദിയ ആരോപിച്ചു.

Top