രണ്ടാംഘട്ട വാക്‌സിന്‍ സ്വീകരിച്ച 45 കാരന്‍ ഇരുപത് മിനിറ്റിന് ശേഷം കുഴഞ്ഞുവീണു മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ഭിവിണ്ടിയില്‍ ചൊവ്വാഴ്ച കോവിഡ് -19 വാക്‌സിനേഷന്റെ രണ്ടാം ഡോസ് സ്വീകരിച്ച് 45 കാരന്‍ മരിച്ചു.സ്വകാര്യ ഡോക്ടറുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന സുഖ്‌ദേവ് കിര്‍ദത്ത് എന്നയാളാണ് ഭാഗ്യനഗര്‍ വാക്‌സിനേഷന്‍ സെന്ററില്‍ നിന്ന് കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് എടുത്ത് ഇരുപത് മിനിറ്റുകള്‍ക്ക് ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. കുഴഞ്ഞു വീണപ്പോള്‍ തന്നെ ഇന്ദിര ഗാന്ധി മെമോറിയല്‍ ആശുപത്രിയിലേക്ക് പെട്ടന്ന് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ സംഭവം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ തങ്ങളുടെ അവസരത്തിനായി കാത്തിരുന്ന മറ്റ് ഗുണഭോക്താക്കളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നേടിയതിനു ശേഷം മാത്രമേ മരണകാരണം കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്ന് ഭിവണ്ടി നിസാംപൂര്‍ സിറ്റി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ബിഎന്‍സിഎംസി) ഉദ്യോഗസ്ഥര്‍ അറിയിച്ചു.

”ഗുണഭോക്താവ് രണ്ടാമത്തെ ഡോസ് സ്വീകരിക്കാനായാണ് കേന്ദ്രത്തില്‍ എത്തിയത്. വാക്സിനേഷന്‍ എടുക്കുന്നതിന് മുമ്പായി അദ്ദേഹത്തിന് കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. വാക്‌സിനേഷന്‍ കഴിഞ്ഞ് ഇരുപത് മിനിറ്റിന് ശേഷം നിരീക്ഷണ മുറിയില്‍ കാത്തുനില്‍ക്കുമ്പോളാണ് അദ്ദേഹം അബോധാവസ്ഥയിലായത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജെജെ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. വിദഗ്ദ്ധര്‍ കേസ് പഠിക്കുകയും മരണകാരണം എന്താണെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യും. ഞങ്ങളുടെ സ്റ്റാഫ് അദ്ദേഹത്തിന്റെ മുന്‍കാല രേഖകളും നിലവിലെ ആരോഗ്യ നിലയും പരിശോധിച്ചു. ആദ്യ ഡോസ് കഴിച്ചപ്പോള്‍ അയാള്‍ക്ക് കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല’ബിഎന്‍സിഎംസി മെഡിക്കല്‍ ഹെല്‍ത്ത് ഓഫീസര്‍ കെ ആര്‍ ഖരത് പറഞ്ഞു

Top