ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 991 പുതിയ കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 14,378 ആയി ഉയര്‍ന്നു.ഇതുവരെ 480 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
അതേസമയം മുംബൈയില്‍ 21 നാവികസേനാംഗങ്ങളില്‍ രോഗം സ്ഥിരീകരിച്ചത് രാജ്യത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇവരുമായി ബന്ധം പുലര്‍ത്തിയവരെയും ഇവരില്‍ എങ്ങനെ വൈറസ് ബാധയുണ്ടായെന്നുമാണ് ഇപ്പോള്‍ പരിശോധിച്ചുകൊണ്ടിരിക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 3,323 പേരിലാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മുംബൈ നഗരത്തില്‍ മാത്രം 2,073 പേരിലാണ് വൈറസ് ഇതുവരെ സ്ഥിരീകരിച്ചത്. 201 പേരാണ് ഇതുവരെ മഹാരാഷ്ട്രയില്‍ രോഗം ബാധിച്ച് മരിച്ചത്.
മഹാരാഷ്ട്രയെ ആശങ്കയിലാക്കി ഏഷ്യയിലെ ഏറ്റവംു വലിയ ചേരി പ്രദേശമായ ധാരാവിയിലെ കേസുകളുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. 101 പേരിലാണ് ഇതുവരെ ധാരാവിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ രോഗം കൂടുതല്‍ ആളുകളിലേക്ക് പകരാന്‍ സാധ്യത കൂടുതലാണ്.
അതേസമയം രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്കും ഉയരുന്നുണ്ട്. വെള്ളിയാഴ്ച 13.06 ആയിരുന്നെങ്കില്‍ ശനിയാഴ്ച രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം 13.85 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം 260 പേര്‍ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തു.