പുല്‍വാമ ആക്രമണത്തിന് ശേഷം 41 തീവ്രവാദികളെ വധിച്ചുവെന്ന് സൈന്യം

ശ്രീനഗര്‍: പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യന്‍ സൈന്യം 41 തീവ്രവാദികളെ വധിച്ചതായി റിപ്പോര്‍ട്ട്. 15 കോപ്‌സ് കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ കെ.ജി.എസ് ദില്ലന്‍ ആണ് വിവരം പുറത്ത് വിട്ടത്. ഈ വര്‍ഷം ആകെ 69 തീവ്രവാദികളെ വധിച്ചതായും 12 പേരെ പിടികൂടിയതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജെയ്‌ഷെ മുഹമ്മദിനെ അടിച്ചമര്‍ത്താനുള്ള നീക്കവുമായി തങ്ങള്‍ മുന്നോട്ട് പോകുകയാണ്.പുല്‍വാമ ആക്രമണത്തിന് ശേഷം കൊല്ലപ്പെട്ടവരില്‍ 25 പേര്‍ ജെയ്‌ഷേ മുഹമ്മദ് തീവ്രവാദികളാണെന്നും അദ്ദേഹം പറഞ്ഞു.

ഉള്‍പ്രദേശങ്ങളിലും നിയന്ത്രണ രേഖയ്ക്ക് സമീപവും നടത്തുന്ന പരിശോധനകള്‍ ശക്തമായി തുടരും. പഴയ നിലയിലേക്ക് താഴ്‌വരയെ തിരിച്ച് കൊണ്ടുപോകാന്‍ അനുവദിക്കില്ല. ചെറിയ തോതില്‍ തീവ്രവാദികളുടെ സാന്നിധ്യം ഇപ്പോഴും താഴ്‌വരയിലുണ്ട്. അവരെയും ഉടന്‍ അമര്‍ച്ച ചെയ്യും. തീവ്രവാദികളായ നിരവധി യുവാക്കളെ മുഖ്യധാര ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.പ്രദേശവാസികളില്‍ തീവ്രവാദ സംഘടനകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും ലെഫ്റ്റനന്റ് ജനറല്‍ കെ.ജി.എസ് ദില്ലന്‍ വ്യക്തമാക്കി.

Top