ഈജിപ്തിൽ ക്രിസ്ത്യൻ പള്ളിയിലെ തീപിടിത്തത്തിൽ 41 പേർ മരിച്ചു

കെയ്‌റോ: ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിൽ ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടിത്തം. 41 പേർ മരിച്ചതായി റിപ്പോർട്ട്. 50ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കെയ്‌റോയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തെ ഗിസായിലുള്ള കോപ്റ്റിക് പള്ളിയായ അബൂ സിഫീനിലാണ് വൻ അഗ്നിബാധയുണ്ടായത്. അപകടസമയത്ത് 5,000ത്തോളം പേർ പള്ളിയിലെ പ്രാർത്ഥനയിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. 15ഓളം അഗ്നിശമന വാഹനങ്ങളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

തീപിടിത്തത്തിനു പിന്നാലെ പള്ളിക്കകത്തുനിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങൾ തടസപ്പെട്ടതോടെ വലിയ തോതിൽ ഉന്തുംതള്ളുമുണ്ടായി. ഇതിലും നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിനു പിന്നാലെ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സീസി കോപ്ടിക് ക്രിസ്ത്യൻ മതമേലധ്യക്ഷനായ താട്രോസ് രണ്ടാമനെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി. ദുരന്തബാധിതർക്ക് അടിയന്തര സഹായം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Top