ഭീതിപടര്‍ത്തി കൊറോണ;മരിച്ചവരുടെ എണ്ണം 41 ആയി, യൂറോപ്പിലേയ്ക്കും പടരുന്നു,ജാഗ്രത !

ബെയ്ജിങ്: ഭീതിപടര്‍ത്തി ചൈനയില്‍ കൊറോണ വൈറസ് നിയന്ത്രണാധീതമായി പടരുന്നു. വൈറസ് ബാധിച്ച് ഇതുവരെ 41 പേരാണ് മരിച്ചത്.ആയിരത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചതായും ചൈനീസ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇതില്‍ 237 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്.

ഇതിനിടെ രോഗം ബാധിച്ചവരെ ചികിത്സിച്ച ഒരു ഡോക്ടറും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. അതിവേഗം പടരുന്ന കൊറോണ വൈറസിനെ പിടിച്ചുകെട്ടുന്നതിനായി വുഹാന്‍ ഉള്‍പ്പെടെ 13 നഗരങ്ങള്‍ ചൈന അനിശ്ചിതകാലത്തേക്ക് അടച്ചു. മധ്യചൈനയിലെ ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങളിലെ ഗതാഗതം തടഞ്ഞാണു വൈറസിനെതിരെ പ്രതിരോധം ശക്തമാക്കിയത്. ചൈനീസ് പുതുവത്സരപ്പിറവിയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. ഞായറാഴ്ച നടത്താനിരുന്ന റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങ് ഇന്ത്യന്‍ എംബസിയും റദ്ദാക്കി.

കൂടാതെ ചൈനയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ വന്‍മതിലിന്റെ ബാഡാലിങ് ഭാഗവും ഷാങ്ഹായിലെ ഡിസ്നിലാന്‍ഡും അനിശ്ചിതകാലത്തേക്ക് അടച്ചു.

ഇതിനിടെ യൂറോപ്പിലേക്കും പടരുന്നതായാണ് സൂച.ഫ്രാന്‍സില്‍ മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി അറിയിച്ചു.

ചൈന, ജപ്പാന്‍, തായ്ലാന്‍ഡ്, തയ്വാന്‍, വിയറ്റ്നാം, സിങ്കപ്പൂര്‍, ഹോങ്കോങ്, മക്കാവു, ഫിലിപ്പീന്‍സ്, യു.എസ്. എന്നിവിടങ്ങളില്‍ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.യുകെയില്‍ മുന്‍കരുതലെന്ന നിലയില്‍ 14 പേര്‍ക്കു പരിശോധന നടത്തി. ദക്ഷിണ കൊറിയയില്‍ രണ്ടാമതൊരാളില്‍കൂടി വൈറസ് കണ്ടെത്തി. ജപ്പാനിലും ഒരാള്‍ക്കു രോഗം സ്ഥിരീകരിച്ചു. തായ്ലന്‍ഡില്‍ 5 പേര്‍ക്കാണു രോഗബാധയേറ്റിട്ടുണ്ട്.

ഇതിനിടെ, ആരോഗ്യ അടിയന്താരവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നു ലോകാരോഗ്യ സംഘടന വിലയിരുത്തി. ചൈനയില്‍ സ്ഥിതി ഗുരുതരമാണെങ്കിലും ആഗോളതലത്തില്‍ അടിയന്തരസാഹചര്യമില്ലെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തല്‍.

Top